തിരുവനന്തപുരം:അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‌സ് ആർട്‌സ് ആന്‍ഡ് സയൻസ് 'ഓസ്‌കർ' അന്താരാഷ്ട്ര ഗ്ലോബൽ മൂവി ഡേയിൽ ഇടം നേടി മലയാളി സംവിധായകൻ. കോഴിക്കോട് സ്വദേശിയായ പാമ്പള്ളിയാണ്, ഓസ്‌കർ ചലച്ചിത്ര പുരസ്‌കാര സംഘാടക സമിതി പുറത്തിറക്കിയ ആഘോഷ വീഡിയോയില്‍ പങ്കെടുത്ത് പ്രസംഗിച്ചത്.
എല്ലാ വർഷവും ഫെബ്രുവരി 12 നാണ് അന്താരാഷ്ട്ര ഗ്ലോബൽ മൂവി ഡേ ആഘോഷം നടക്കുന്നത്. മലയാള സിനിമ മേഖലയിൽ ഇതുവരെ ഒരു ചലച്ചിത്ര പ്രവർത്തകനും നേടാനാകാത്ത അത്യപൂർവ്വ നേട്ടം ഇക്കുറി സംവിധായകൻ പാമ്പള്ളിയെ തേടിയെത്തിയിരിക്കുകയാണ്. ആഘോഷ വിശേഷങ്ങൾ പാമ്പള്ളി ഇ.ടി.വി ഭാരതുമായി പങ്കുവയ്ക്കുന്നു.
' കഴിഞ്ഞ കുറേ വർഷങ്ങളായി ഓസ്‌കാറിൻ്റെ വെബ്സൈറ്റുകളും പേഴ്‌സണൽ ബ്ലോഗുകളും ഫോളോ ചെയ്യുന്നൊരാളാണ് ഞാൻ. ഇതേ തുടർന്ന് സംഘാടകർ തന്നെ സമീപിക്കുകയും, മൂന്നാമത് അന്താരാഷ്ട്ര ഗ്ലോബൽ മൂവി ഡേ ആഘോഷങ്ങളുടെ ഭാഗമാകാൻ താത്പര്യമുണ്ടോയെന്ന് ചോദിക്കുകയും ചെയ്‌തു.
താത്പര്യമുണ്ടെന്ന് സംഘാടകരെ അറിയിച്ചു. ലോകമെമ്പാടുമുള്ള സിനിമ പ്രവർത്തകർക്ക് വേണ്ടി മാത്രമാണ് ഇത്തരത്തിലൊരു ആഘോഷ പരിപാടി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്രതീക്ഷിതമായി ലഭിച്ച സൗഭാഗ്യം
ചലച്ചിത്ര പ്രവർത്തകൻ എന്നതിലുപരി ഒരു മലയാളി എന്ന നിലയിൽ ആദ്യമായിട്ടാണ് ഒരു വ്യക്തി ഇത്തരമൊരു പ്രമോഷണൽ വീഡിയോയുടെ ഭാഗമാകുന്നത്. അപൂർവങ്ങളിൽ അപൂർവമായി ലഭിക്കുന്ന സൗഭാഗ്യമാണത്. മുഴുവൻ മലയാളികളെയും പ്രതിനിധീകരിച്ചു കൊണ്ട് ഓസ്‌കറിൽ സംസാരിക്കാൻ സാധിച്ചു.
മലയാളത്തിൽ സംസാരിക്കാൻ ഞാൻ അനുവാദം ചോദിക്കുകയും സംഘാടകർ അതിന് അനുവാദം നൽകുകയും ചെയ്‌തു. അത് വലിയൊരു ഭാഗ്യമാണ്. കാരണം പല ലോകരാഷ്ട്രങ്ങളിലെ സിനിമാ പ്രവർത്തകർക്കിടയിൽ നിന്നുകൊണ്ട് മലയാളി സാന്നിധ്യം കൊണ്ടുവരാൻ എന്നിലൂടെ സാധിച്ചു.
'ഈ അവസരം സിനിമ ജീവിതത്തിന് കരുത്താകും'
അമൂല്യമായ ഇത്തരത്തിലുള്ള അവസരങ്ങൾ മുന്നോട്ടുള്ള സിനിമ ജീവിതത്തിൽ കൂടുതൽ പ്രചോദനമാകും. ഓസ്‌കാറിൻ്റെ ഗ്ലോബൽ പ്രൊമോഷണൽ വീഡിയോയിൽ ആദ്യമായി മലയാളത്തിൽ സംസാരിച്ച വ്യക്തി എന്ന നിലയിൽ എനിക്ക് അതിൻ്റേതായ സ്ഥാനം ലഭ്യമാകുന്നുണ്ട്. അതൊരു വലിയ കാര്യമാണ്.
ഭാവിയിൽ ഇത് എത്ര മാത്രം ഗുണകരമാകുമെന്ന് പറയാൻ സാധിക്കില്ല. എന്നിരുന്നാലും ഞാൻ എന്ന വ്യക്തി എവിടെയെങ്കിലും പരിഗണിക്കപ്പെടുക എന്നത് തന്നെ വലിയ കാര്യമാണ്.