തിരുവനന്തപുരം:ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കാന്‍ തീരുമാനിച്ചു കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഒടുവില്‍ ഗവര്‍ണറുടെ അംഗീകാരത്തിനു സമര്‍പ്പിച്ചു. മന്ത്രിസഭ ഇതു സംബന്ധിച്ച് തീരുമാനമെടുത്ത് നാലാം ദിവസമാണ് ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ചത്. ഓര്‍ഡിനന്‍സില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍ ബില്ലിലേക്ക് പോകുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വഴിവച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെയും മുഴുവന്‍ മന്ത്രിമാരുടെയും ഒപ്പോടു കൂടി ഓര്‍ഡിനന്‍സ് ഇന്ന് രാജ്ഭവനിലേക്ക് അയച്ചത്.
ഏതായാലും ബില്ലില്‍ ഗവര്‍ണറുടെ തീരുമാനം ഇനി നിര്‍ണായകമാണ്. തന്നെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു നീക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിടിച്ചു വയ്ക്കുമോ അതോ രാഷ്ട്രപതിക്ക് അയക്കുമോ എന്നാണ് സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്. ഓര്‍ഡിനന്‍സില്‍ ഉടന്‍ ഒപ്പിടില്ലെന്ന സൂചനകള്‍ ഗവര്‍ണര്‍ നല്‍കിക്കഴിഞ്ഞു.