കേരളം

kerala

ETV Bharat / state

മാസപ്പടി വിവാദത്തിൽ മൗനം തുടർന്ന് പ്രതിപക്ഷം; ഇന്നും നിയമസഭയിൽ കൊണ്ടുവരുന്ന കാര്യത്തിൽ തീരുമാനമായില്ല

നിയമസഭ സമ്മേളനത്തിന്‍റെ അവസാന ദിവസമായ ഇന്നും വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദം യുഡിഎഫ് സഭയിൽ ഉന്നയിച്ചേക്കില്ല.

oppositon on veena vijayan over monthly quota  veena vijayan over monthly quota  veena vijayan  veena vijayan controversy  assembly session  assembly session veena vijayan controversy  മാസപ്പടി വിവാദം  മാസപ്പടി വിവാദം വീണ വിജയൻ  മുഖ്യമന്ത്രിയുടെ മകൾ വിവാദം  വീണ വിജയൻ മാസപ്പടി വിവാദത്തിൽ പ്രതിപക്ഷം  മാസപ്പടി വിവാദം നിയമസഭയിൽ  നിയമസഭ  നിയമസഭ സമ്മേളനം  മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വിവാദം  രമേശ് ചെന്നിത്തല മാസപ്പടി വിവാദം  ഉമ്മൻ ചാണ്ടി മാസപ്പടി വിവാദം
മാസപ്പടി വിവാദം

By

Published : Aug 10, 2023, 9:42 AM IST

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി വിവാദം നിയമസഭ സമ്മേളനത്തിന്‍റെ അവസാന ദിവസമായ ഇന്നും സഭയിൽ കൊണ്ടുവരുന്ന കാര്യത്തിൽ യുഡിഎഫിൽ തീരുമാനമായില്ല. സംഭവം പുറത്തുവന്ന ഇന്നലെയും പ്രതിപക്ഷം വിഷയം സഭയിൽ ഉന്നയിച്ചിരുന്നില്ല. വിഷയം അടിയന്തര പ്രമേയമായി സഭയിൽ ഉന്നയിക്കുന്നതിനായി മുന്നണിയിൽ ചർച്ച ചെയ്‌തെങ്കിലും തീരുമാനമുണ്ടായില്ലെന്നാണ് വിവരം.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ സഭ സമ്മേളനം ഇന്ന് അവസാനിക്കും. 24 വരെ നീളേണ്ടിയിരുന്ന സമ്മേളനമാണ് വെട്ടിച്ചുരുക്കിയിരിക്കുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും പണം കൈപ്പറ്റിയിട്ടുണ്ടെന്ന രേഖകൾ പുറത്തു വന്നതോടെയാണ് പ്രതിപക്ഷം മൗനം പാലിക്കുന്നതെന്നും സൂചനയുണ്ട്.

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞ് തുടങ്ങിയവരുടെ പേരുകൾ കൂടി പുറത്തു വന്നതോടെയാണ് പ്രതിപക്ഷ നിരയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. തുടർ നടപടികൾ ആലോചിച്ച് മാത്രം മതിയെന്നാണ് നിലവിലെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്നാണ് നിയമ വിരുദ്ധമായി മാസപ്പടി ഇനത്തിൽ 2017 മുതൽ 2020 വരെയുള്ള കാലയളവിൽ 1.72 കോടി രൂപ ലഭിച്ചത്.

വീണയുടെ കമ്പനിയായ എക്‌സാ ലോജിക് സൊല്യൂഷൻസ് ഐ ടി, മാർക്കറ്റിങ് കൺസൾട്ടൻസി, സോഫ്റ്റ്‌വെയർ സേവനങ്ങൾ സിഎംആർഎല്ലിന് നൽകാമെന്ന കരാറിലാണ് മാസം തോറും പണം വാങ്ങിയത്. എന്നാൽ ഇതുവരെ യാതൊരു സേവനങ്ങളും നൽകിയിട്ടില്ലെന്ന് സിഎംആർഎൽ എംഡി എസ് എൻ ശശിധരൻ കർത്ത ആദായ വകുപ്പിന് മൊഴി നൽകി. ഇതിനെ തുടർന്നാണ് വീണ കൈപ്പറ്റിയ തുക നിയമവിരുദ്ധ പണമിടപാട് എന്ന് ആദായ നികുതി ഇന്‍ററിം സെറ്റൽമെന്‍റ് ബോർഡിന്‍റെ ന്യൂഡൽഹി ബെഞ്ച് തീർപ്പ് കൽപ്പിച്ചത്.

പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധത്തിന്‍റെ പേരിലാണെന്നും ബെഞ്ച് കണ്ടെത്തി. പ്രതിമാസം അഞ്ച് ലക്ഷം രൂപ വീണയ്ക്കും മൂന്ന് ലക്ഷം രൂപ എക്‌സാ ലോജിക് കമ്പനിക്കും നൽകാനാണ് കരാർ. ആദായ വകുപ്പ് പുറത്ത് വിട്ട കണക്കനുസരിച്ച് 55ലക്ഷം രൂപ വീണയ്ക്കും 1.17 കോടി രൂപ എക്‌സാ ലോജിക്കിനും ലഭിച്ചു.

നിയമപ്രകാരം ബിസിനസ് ചെലവുകൾക്ക് പണം നൽകുന്നത് അനുവദനീയമാണ്. എന്നാൽ കമ്പനിക്ക് സേവനങ്ങൾ ഒന്നും ലഭ്യമായതിന്‍റെ തെളിവുകൾ ലഭിക്കാത്തതിനാൽ വീണയ്ക്കും കമ്പനിക്കും നൽകിയ പണം നിയമവിരുദ്ധ ഇടപാടിന്‍റെ ഗണത്തിൽപ്പെടുന്നതാണെന്ന ആദായനികുതി വകുപ്പിന്‍റെ വാദം ബെഞ്ച് അംഗീകരിക്കുകയായിരുന്നു. 2019 ജനുവരി 25നാണ് സിഎംആർഎല്ലിന്‍റെ ഓഫിസിലും ഫാക്‌ടറിയിലും എംഡിയുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും വീടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.

പരിശോധനയിൽ കമ്പനിയുടെ ചെലവുകൾ പെരുപ്പിച്ചുകാട്ടി വൻതോതിൽ നികുതി വെട്ടിച്ചതായി കണ്ടെത്തി. കൂടാതെ നിയമ വിരുദ്ധമായി കോടിക്കണക്കിന് രൂപ ചില പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കും നൽകിയതിന്‍റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. വീണയും എക്‌സാ ലോജിക് കമ്പനിയും സിഎംആർഎല്ലുമായി ഉണ്ടാക്കിയ കരാറും ആദായ നികുതി വകുപ്പ് കണ്ടെത്തുകയായിരുന്നു.

ABOUT THE AUTHOR

...view details