തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ 2019ൽ പുറത്തിറക്കിയ തീരമേഖല നിയന്ത്രണ വിജ്ഞാപനത്തിന്‍റെ ഭാഗമായ തീരദേശ പരിപാലന പ്ലാന്‍ എത്രയും വേഗം പൂര്‍ത്തിയാക്കി കേന്ദ്രത്തിന് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിസ്ഥിതി സംരക്ഷണം ജനപങ്കാളിത്തത്തോടെ എന്നതാണ് സര്‍ക്കാര്‍ നയമെന്നും തീരദേശത്തിന്‍റെ വികസനത്തിന് രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് പ്രതിസന്ധി കാരണമാണ് പ്ലാന്‍ പൂര്‍ത്തിയാക്കാന്‍ വൈകിയത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തുവരുന്ന യുഡിഎഫ് കേരളം ഭരിച്ച 2011ല്‍, കേന്ദ്രത്തിന്‍റെ സി.ആര്‍.ഇസഡ്(CRZ) വിജ്ഞാപനത്തിന് മറുപടി നല്‍കിയില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Also Read: വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു ; വ്യാപക നാശനഷ്‌ടം
എന്നാല്‍ 2019ലെ വിജ്ഞാപനത്തെക്കുറിച്ച് പറയുമ്പോള്‍ മുഖ്യമന്ത്രി പറയുന്ന 2011ലെ വിജ്ഞാപനത്തിന് എന്ത് പ്രസക്തിയെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. കൊവിഡ് പ്രതിസന്ധി കാരണമാണ് പ്ലാന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കാത്തതെങ്കില്‍ കേരളത്തെക്കാള്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമായ മഹാരാഷ്ട്ര ആറുമാസം മുന്‍പേ ഇത് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
പ്ലാന്‍ എന്ന് തയ്യാറാക്കി അയയ്ക്കുമെന്ന് പറയാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ലെന്ന് ഇതുസംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി തേടിയ കെ.ബാബു ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.