തിരുവനന്തപുരം :നിയമസഭയിൽ ഇന്നലെ ഉണ്ടായ സംഘർഷം അടിയന്തര പ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷ തീരുമാനം. പ്രതിപക്ഷത്തുനിന്നും കെ കെ രമ എംഎൽഎ നോട്ടിസ് നൽകി. ജനാധിപത്യപരമായി പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎമാർക്ക് നേരെ വാച്ച് ആൻഡ് വാർഡും ഭരണപക്ഷ എംഎൽഎമാരും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫും അതിക്രമം നടത്തി എന്നാണ് പ്രതിപക്ഷ ആരോപണം.
ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം പ്രതിപക്ഷം സ്പീക്കറെ അറിയിച്ചിട്ടുണ്ട്. നോട്ടിസിന് സ്പീക്കർ അനുമതി നൽകുമോ എന്നതിലാണ് ആകാംക്ഷയുള്ളത്. തുടർച്ചയായി അടിയന്തര പ്രമേയ നോട്ടിസുകള്‍ തള്ളുന്ന സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് എ എന്‍ ഷംസീറിന്റെ ഓഫിസിന് മുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമരമാണ് സംഘർഷത്തിൽ കലാശിച്ചത്.
വേണ്ടത് സഹകരണം: നാല് പ്രതിപക്ഷ എംഎൽഎമാർക്കും ഏഴ് വാച്ച് ആൻഡ് വാർഡിനും പരിക്കേറ്റിരുന്നു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് സ്പീക്കർ കക്ഷി നേതാക്കളുടെ യോഗം രാവിലെ വിളിച്ചുചേർത്തിരുന്നു. സഭ സുഗമമായി നടത്തിക്കൊണ്ടുപോകുന്നതിനുള്ള സഹകരണമാണ് സ്പീക്കർ കക്ഷി നേതാക്കളോട് അഭ്യര്‍ഥിച്ചത്. എന്നാൽ പ്രതിപക്ഷം ഇക്കാര്യത്തിൽ വിയോജിപ്പ് അറിയിച്ചു.
നടപടിയുണ്ടെങ്കിൽ സഹകരിക്കും : ജനാധിപത്യപരമായ സമരത്തിനുനേരെ ആക്രമണം നടത്തിയവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നടപടി ഉണ്ടായശേഷം സഭാ നടപടികളുമായി സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം എന്നും പ്രതിപക്ഷ നേതാവ് യോഗത്തിൽ അറിയിച്ചു. നിയമസഭ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് യുഡിഎഫിന്റെ പാർലമെന്ററി പാർട്ടിയോഗം ചേര്‍ന്നു. ഇന്ന് നിയമ സഭയിൽ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച് യോഗം തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.