കേരളം

kerala

ETV Bharat / state

ലൈഫ് പദ്ധതി സ്തംഭിച്ചെന്ന് പ്രതിപക്ഷം ; നിഷേധിച്ച് സര്‍ക്കാര്‍

ലൈഫ് പദ്ധതിയിൽ സർക്കാരിന്‍റേത് കടുത്ത അനാസ്ഥയും കെടുകാര്യസ്ഥതയുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

കേരള നിയമസഭ  ലൈഫ് പദ്ധതി സ്തംഭനാവസ്ഥയില്‍  പിണറായി വിജയന്‍  വിഡി സതീശന്‍  Life Mission  ലൈഫ് മിഷന്‍ പദ്ധതി
ലൈഫ് പദ്ധതി സ്തംഭിച്ചെന്ന് പ്രതിപക്ഷം; നിഷേധിച്ച് സര്‍ക്കാര്‍

By

Published : Nov 3, 2021, 1:05 PM IST

തിരുവനന്തപുരം : ലൈഫ് മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ലഭിച്ച ഒമ്പത് ലക്ഷം അപേക്ഷകളിൽ നടപടി ഇല്ലെന്ന് പ്രതിപക്ഷം നിയമസഭയില്‍. എന്നാല്‍ ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു. ലൈഫ് പദ്ധതി സ്തംഭനാവസ്ഥയിലാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്.

ലൈഫ് പദ്ധതിയിൽ ഉണ്ടായ കാലതാമസം ഭവനരഹിതരായ ജനങ്ങളെ ആശങ്കയിലാഴ്ത്തിയെന്ന് ചൂണ്ടിക്കാട്ടി പി.കെ ബഷീർ എം.എൽ.എയാണ് നോട്ടിസ് നൽകിയത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കൈയ്യിൽ നിന്നും ലൈഫ് പദ്ധതിയുടെ അപേക്ഷ വാങ്ങിയെന്നും ലൈഫ് പദ്ധതിക്ക് എന്ത് സംഭവിച്ചെന്ന് മന്ത്രി കാര്യ കാരണസഹിതം വ്യക്തമാക്കണമെന്നും പി കെ ബഷീർ എം.എൽ.എ ആവശ്യപ്പെട്ടു.

Also Read:'ഖേൽരത്നയില്‍ ഏറെ അഭിമാനം'; സ്കൂളുകളിൽ ഹോക്കിയെത്തിക്കുന്നതാണ് ആലോചനയിലെന്ന് പിആര്‍ ശ്രീജേഷ്

പദ്ധതി മുന്നോട്ടുപോവുകയാണെന്നും കൃത്യസമയത്ത് പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഓരോ വർഷവും ഒരു ലക്ഷം വീടാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും അഞ്ച് വർഷം കൊണ്ട് ഗുണഭോക്താക്കൾക്കെല്ലാം വീട് ഉറപ്പാക്കുമെന്നും മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ വിശദീകരിച്ചു.

ഭവന നിർമാണവുമായി ബന്ധപ്പെട്ട കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ മറുപടി. ലൈഫ് മിഷൻ വഴി 2,62,409 വീടുകൾ നൽകി. ഈ സർക്കാർ വന്ന ശേഷം13600 വീടുകൾ നിർമാണം പൂർത്തീകരിച്ചു.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കാരണം എല്ലാ അപേക്ഷയും പരിശോധിക്കാൻ കഴിഞ്ഞില്ല. ഫെബ്രുവരി വരെയുള്ള അപേക്ഷകൾ പരിശോധിച്ചുകഴിഞ്ഞു. ലിസ്റ്റ് ഈ മാസം തന്നെ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് 3724 വീടുകൾ മാത്രമാണ് നൽകിയതെന്നും മന്ത്രി പറഞ്ഞു.

Also Read: ജലനിരപ്പ്‌ ഉയര്‍ന്നു ; മുല്ലപ്പെരിയാറിൽ മൂന്ന്‌ ഷട്ടറുകൾ കൂടി തുറന്നു

എന്നാൽ പ്രതിപക്ഷം കണക്കുകളിൽ എതിർപ്പ് അറിയിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് 4,34000 വീടുകൾ നിർമിച്ചുനൽകിയെന്നും നിലവിൽ കേരളത്തിലെ ഭവന നിർമാണ പദ്ധതി സ്തംഭനാവസ്ഥയിലാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി.

ലൈഫ് പദ്ധതിയിൽ സർക്കാരിന്‍റേത് കടുത്ത അനാസ്ഥയും കെടുകാര്യസ്ഥതയുമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ABOUT THE AUTHOR

...view details