തിരുവനന്തപുരം :തിരുവനന്തപുരം നഗരസഭയിൽ കരമടച്ചവരുടെ പണം നഷ്‌ടമായിട്ടില്ലെന്ന മേയറുടെ പ്രഖ്യാപനം തള്ളി പ്രതിപക്ഷം. സമരം കടുപ്പിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.
പൊതുജനങ്ങളുടെ നികുതിപ്പണം സുരക്ഷിതമാണെന്ന് മേയർ ആര്യ രാജേന്ദ്രന്‍ കള്ളം പറയുകയാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി കൗൺസിലർമാർ രംഗത്തെത്തി.
തിരുവനന്തപുരം നഗരസഭയിൽ കരമടച്ചവരുടെ പണം നഷ്‌ടമായിട്ടില്ലെന്ന മേയറുടെ പ്രഖ്യാപനം തള്ളി പ്രതിപക്ഷം ALSO READ:'മോണ്‍സണില്‍' പ്രക്ഷുബ്‌ധമായി സഭ; പ്രതിപക്ഷം ഇറങ്ങിപ്പോയി
തൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് നികുതിയടച്ചതിൻ്റെ രേഖ ഉയർത്തിയാണ് ബി.ജെ.പി കക്ഷി നേതാവ് എം.ആർ ഗോപൻ മേയറുടെ അവകാശവാദം തള്ളിയത്. ഈ തുക അടച്ചതായി നഗരസഭയിൽ രേഖയില്ലെന്ന് എം.ആർ ഗോപൻ വ്യക്തമാക്കി.
അതേസമയം, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ പ്രമേയം പാസാക്കണമെന്ന നിലപാടിലുറച്ച് നഗരസഭ കൗൺസിലിനകത്തും പുറത്തും സമരം തുടരുകയാണ് ബി.ജെ.പി.
ചൊവ്വാഴ്‌ച ജില്ലയിലെ ബി.ജെ.പിയുടെ മുഴുവൻ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് രാവിലെ മുതൽ വൈകുന്നേരം വരെ സത്യഗ്രഹം നടത്തുമെന്ന് കൗൺസിലറും ബി.ജെ.പി നേതാവുമായ വി.വി രാജേഷ് പറഞ്ഞു.
ഈ മാസം എട്ടിന് കോർപ്പറേഷൻ ഉപരോധവും സംഘടിപ്പിക്കും. സമരം ചെയ്യുന്ന ബി.ജെ.പി കൗൺസിലർമാർക്ക് ഐക്യദാർഢ്യവുമായി യുവമോർച്ച നഗരസഭ കവാടത്തിൽ ഉപരോധം നടത്തി.