തിരുവനന്തപുരം:പ്രതിപക്ഷ എംഎൽഎമാരെ പേരെടുത്ത് പറഞ്ഞ് അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന സ്‌പീക്കർ എഎൻ ഷംസീറിൻ്റെ പരാമർശത്തിൽ പ്രതിഷേധമറിയിച്ച് യുഡിഎഫ് നേതാക്കള്‍. സ്‌പീക്കറെ നേരിൽ കണ്ടാണ് പ്രതിഷേധമറിയിച്ചത്. അടിയന്തര പ്രമേയ നോട്ടിസിന് തുടര്‍ച്ചയായി അനുമതി നിഷേധിക്കുന്നതിലും പ്രതിപക്ഷം വിയോജിപ്പ് അറിയിച്ചു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, എപി അനില്‍കുമാര്‍, പിസി വിഷ്‌ണുനാഥ് എന്നിവരാണ് സ്‌പീക്കറുടെ ഓഫിസിലെത്തി പ്രതിഷേധം അറിയിച്ചത്. നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതിനെതിരെ നടുത്തളത്തിൽ പ്രതിഷേധിച്ചപ്പോഴാണ് എംഎൽഎമാർക്കെതിരെ സ്‌പീക്കർ എഎൻ ഷംസീര്‍ പരാമർശം നടത്തിയത്.
'സ്‌പീക്കറുടേത് നിലവാരമില്ലാത്ത പരാമർശം':ചെയർ മറച്ച് ബാനർ ഉയർത്തിയതോടെയാണ് ഇതെല്ലാം ജനം കാണുന്നുണ്ടെന്ന് ഓർക്കണമെന്നും പ്രതിഷേധിക്കുന്ന പല എംഎൽഎമാരും ചെറിയ ഭൂരിപക്ഷത്തിൽ വിജയിച്ചവരാണെന്നും സ്‌പീക്കര്‍ പറഞ്ഞത്. തുടര്‍ന്ന്, അടുത്ത തവണയും വിജയിക്കേണ്ടതാണ്. ജനം ഇതൊക്കെ കാണുന്നുണ്ട്. ഇങ്ങനെയാണെങ്കിൽ അടുത്ത തവണ വിജയിക്കില്ലെന്നും സ്‌പീക്കർ പറഞ്ഞു. ഷാഫി പറമ്പിൽ, റോജി എം ജോൺ, ടിജെ വിനോദ് എന്നിവരുടെ പേര് എടുത്ത് പറഞ്ഞാണ് സ്‌പീക്കറുടെ പരാമർശം. സ്‌പീക്കറുടേത് തെറ്റായതും നിലവാരവുമില്ലാത്തതുമായ പരാമർശമാണെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ പ്രതികരണം.
അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട സ്‌പീക്കർ ഇത്തരത്തിൽ പ്രതികരിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും പരാമർശം പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. സ്‌പീക്കർ സ്‌പീക്കറുടെ ജോലി എടുത്താൽ മതിയെന്നും തന്നെ ജയിപ്പിക്കണോ വേണ്ടയോ എന്ന് പാലക്കാട്ടെ ജനം തീരുമാനിക്കുമെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. അവനവന്‍റെ ഉത്തരവാദിത്തം നിറവേറ്റാൻ ആർജവം ഇല്ലാത്തതാണ് ഏറ്റവും വലിയ പരാജയമെന്ന് സ്‌പീക്കർ തിരിച്ചറിയണം. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണുരുട്ടുന്നതനുസരിച്ച് തീരുമാനമെടുക്കുന്ന സ്‌പീക്കർ പരാജയമാണെന്നും ഷാഫി പരിഹസിച്ചു. സമാന്തര സഭയടക്കം നടുത്തളത്തിൽ നടത്തിയ ശേഷമാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.