തിരുവനന്തപുരം:തുടർച്ചയായ രണ്ടാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് നിഷേധിച്ച് സ്‌പീക്കർ. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിലെ വീഴ്‌ചകൾ സംബന്ധിച്ചായിരുന്നു പ്രതിപക്ഷത്തു നിന്നും എം.വിൻസന്‍റ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ കെഎസ്ആർടിസിയിലെ ശമ്പള വിതരണം സംബന്ധിച്ച് ചോദ്യോത്തര വേളയിൽ തന്നെ വിശദമായി ചർച്ച നടന്നതായും ഹൈക്കോടതിയിൽ കേസ് പരിഗണനയുള്ളതിനാല്‍ നോട്ടീസ് അവതരണം അനുവദിക്കാനാവില്ലെന്നും സ്പീക്കർ പറയുകയായിരുന്നു.
ഇതോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടർച്ചയായി അടിയന്തര പ്രമേയ നോട്ടീസ് നൽകാനുള്ള പ്രതിപക്ഷത്തിന്‍റെ അവകാശത്തെ സ്‌പീക്കർ ഹനിക്കുകയാണ്. മുൻ സ്‌പീക്കർമാർ നൽകിയ പല റൂളിങുകളിലും അടിയന്തരപ്രമേയം വന്നാൽ അതിന് പ്രാധാന്യം നൽകണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ പ്രതിപക്ഷത്തിന്‍റെ ഈ അവകാശത്തെ തുടർച്ചയായി നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിന്‍റെ നിയമസഭയാണെന്നും സിപിഎം സംസ്ഥാന സമിതിയല്ലെന്ന് ഓർക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഇതൊന്നും 'ശരിയല്ല': ചട്ടം പ്രകാരമാണ് നോട്ടീസിന് അനുമതി നിഷേധിച്ചതെന്നായിരുന്നു ഇതിന് സ്‌പീക്കറുടെ മറുപടി. കഴിഞ്ഞദിവസം അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിന് ചട്ടം പറഞ്ഞിരുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത് ശരിയല്ല. കൃത്യമായി ചട്ടം പറഞ്ഞു തന്നെയാണ് നോട്ടീസ് നിഷേധിച്ചത്. മുതിർന്ന സാമാജികനായ പ്രതിപക്ഷ നേതാവിന്‍റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ കാര്യങ്ങൾ പരിശോധിക്കാതെ മാധ്യമങ്ങളോട് സംസാരിച്ച രീതി ശരിയായില്ലെന്നും സ്പീക്കർ അറിയിച്ചു.