തിരുവനന്തപുരം : കൊച്ചി കോർപറേഷനിൽ സമരം നടത്തിയ യുഡിഎഫ് കൗൺസിലർമാരെ പൊലീസ് മർദിച്ച സംഭവം ശൂന്യവേളയിലുയർത്തി ബ്രഹ്മപുരം പ്രശ്‌നം തുടർച്ചയായ രണ്ടാം ദിനവും നിയമസഭയിൽ സജീവമാക്കാനുള്ള പ്രതിപക്ഷ നീക്കം സ്പീക്കർ എഎൻ ഷംസീർ തടഞ്ഞു. ബ്രഹ്മപുരം പ്രശ്നം കഴിഞ്ഞ ദിവസം അടിയന്തര പ്രമേയ നോട്ടിസായി പരിഗണിച്ചതാണെന്നും കേരളത്തിലെ ആയിരത്തോളം തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയല്ല നിയമസഭയെന്നും ചൂണ്ടിക്കാട്ടി സ്പീക്കർ നോട്ടിസ് തള്ളി.
റോജി എം ജോണാണ് പ്രതിപക്ഷത്തുനിന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നത്. പ്രകോപിതരായ പ്രതിപക്ഷം സ്പീക്കറുടെ നടപടിക്കെതിരെ ഇരിപ്പിടത്തിൽ നിന്നെണീറ്റു. ഒന്നര മണിക്കൂറോളം നടുത്തളത്തില്‍ പ്രതിഷേധിച്ചശേഷം പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്കരിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാൻ്റുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നതിനാലാണ് സർക്കാർ അടിയന്തര പ്രമേയത്തിൽ നിന്ന് ഒളിച്ചോടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു.
ഇത് മനപ്പൂര്‍വമാണ്. കൊച്ചി നഗരസഭയിലെ സീനിയർ കൗൺസിലർമാർ ഉൾപ്പടെ പൊലീസിൻ്റെ ക്രൂരമായ മർദനത്തിനിരയായ സംഭവം ഗൗരവതരമാണ്. സ്പീക്കറുടെ നടപടി അംഗീകരിക്കാനാകില്ലെന്നും സതീശൻ പറഞ്ഞു. പ്രകോപിതരായ പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലിറങ്ങി.
സ്പീക്കർ നീതി പാലിക്കുക എന്ന ബാനർ ഉയർത്തി എ എന്‍ ഷംസീറിന്‍റെ മുഖം മറച്ചു. സീറ്റിലേക്ക് മടങ്ങണമെന്ന സ്പീക്കറുടെ അഭ്യർഥന തള്ളിയ പ്രതിപക്ഷം നടുത്തളത്തിൽ തുടരുകയാണ്. പ്രതിപക്ഷ ബഹളം അവഗണിച്ച് സഭ നടപടികളുമായി സ്പീക്കറും മുന്നോട്ടുപോവുകയാണ്.
യുദ്ധക്കളമായി കൊച്ചി കോർപറേഷൻ : കൊച്ചി കോർപറേഷൻ ഓഫിസിൽ ഇന്നലെയാണ് സംഘര്‍ഷമുണ്ടായത്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസില്‍ യോഗത്തിനായെത്തിയ മേയർ എം. അനിൽ കുമാറിനെ പ്രതിപക്ഷ കൗൺസിലർമാർ തടയുകയായിരുന്നു. പൊലീസ് ഇടപെട്ട് ബലപ്രയോഗത്തിലൂടെയാണ് മേയറെ അകത്തേക്ക് കടത്തിവിട്ടത്.