തിരുവനന്തപുരം:സർക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമാക്കാൻ യുഡിഎഫ് തീരുമാനം. ഇന്ന് ചേർന്ന യുഡിഎഫ് യോഗമാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി യുഡിഎഫ് പ്രവർത്തകർ സെക്രട്ടേറിയറ്റ് വളയും. സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷിക ദിനമായ മെയ് 20നാണ് സെക്രട്ടേറിയറ്റ് വളയുക.
സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; മെയ് 20ന് സെക്രട്ടേറിയറ്റ് വളയും - opposition protest
സംസ്ഥാന സർക്കാറിൻ്റെ രണ്ടാം വാർഷികത്തിൽ സെക്രട്ടേറിയറ്റ് വളയുമെന്നും പിണറായി സർക്കാരിനെതിരായ അഴിമതികളുടെ കുറ്റപത്രം പുറത്തിറക്കുമെന്നും യുഡിഎഫ് കൺവീനർ

രാവിലെ 10 മണി മുതൽ യുഡിഎഫ് പ്രവർത്തകർ സെക്രട്ടേറിയറ്റ് വളയുമെന്ന് കൺവീനർ എംഎം ഹസ്സൻ പറഞ്ഞു. സർക്കാറിന്‍റെ രണ്ടുവർഷത്തെ അഴിമതികൾ സംബന്ധിച്ച് കുറ്റപത്രം പുറത്തിറക്കും. സെക്രട്ടേറിയറ്റ് വളയൽ സമരത്തിന് മുന്നോടിയായി തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ യുഡിഎഫ് നേതൃയോഗം വിളിക്കും.
പ്രതിപക്ഷ നേതാവ് അടക്കം നേതൃയോഗങ്ങളിൽ പങ്കെടുക്കും. സർക്കാരിനെതിരെ ഒരു തുറന്ന പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നതെന്നും ഹസ്സൻ പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ സർക്കാർ നിലപാട് തിരുത്തിയത് പ്രതിപക്ഷ സമരങ്ങളുടെ വിജയമാണ്. സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾ തുറന്നുകാട്ടിയുള്ള പ്രതിഷേധം തുടരുമെന്നും ഹസ്സൻ വ്യക്തമാക്കി.