തിരുവനന്തപുരം : തങ്ങളുടെ പ്രതിഷേധം ഒഴിവാക്കിയുള്ള സഭ ടിവി സംപ്രേഷണത്തിനെതിരെ പ്രതിപക്ഷം വീണ്ടും രംഗത്ത്. ബജറ്റിലെ അധിക നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ ചൊല്ലി ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍ അങ്ങേയറ്റം വഷളായിരിക്കുന്നതിനിടെയാണ് പുതിയ വിവാദം. കേന്ദ്ര സര്‍ക്കാരിന്‍റെ സന്‍സദ് ടിവിയുടെ അതേ മാതൃകയില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കി ഇന്ന് സഭ ടിവി സംപ്രേഷണം ചെയ്‌തതാണ് പ്രതിഷേധത്തിന് കാരണമായത്. ഇതേതുടര്‍ന്ന്, സഭ ടിവിയുമായി സഹകരിക്കുന്ന കാര്യം പ്രതിപക്ഷത്തിന് ആലോചിക്കേണ്ടിവരുമെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി.
ബജറ്റിലെ നികുതി നിര്‍ദേശങ്ങളും പെട്രോള്‍, ഡീസല്‍ സെസും പിന്‍വലിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തര വേളയില്‍ ഇന്ന് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചെങ്കിലും ഈ ദൃശ്യങ്ങള്‍ സഭ ടിവി പുറത്തുവിട്ടില്ല. പ്രസ് ഗ്യാലറിയില്‍ മുന്‍പ് ചോദ്യോത്തര വേള തത്സമയം പകര്‍ത്താന്‍ ചാനല്‍ ക്യാമറകളെയും പത്ര ഫോട്ടോഗ്രാഫര്‍മാരെയും അനുവദിച്ചിരുന്നെങ്കിലും കൊവിഡിന്‍റെ മറവില്‍ ഇത് നിര്‍ത്തിയിരുന്നു. പിന്നാലെ സഭ ടിവി ഈ ദൃശ്യങ്ങളെടുത്ത് ചാനലുകള്‍ക്ക് നല്‍കുന്ന രീതിയാണ് ഇപ്പോഴുള്ളത്.
ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള അനുമതിയ്‌ക്കായി എം ബി രാജേഷിന് കത്ത്:കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതിനുശേഷം പഴയ നിലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് നിരവധി തവണ മാധ്യമങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മതിയായ ദൃശ്യങ്ങള്‍ നല്‍കുമെന്ന് അന്ന് സ്‌പീക്കറായിരുന്ന എം ബി രാജേഷ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 17ന് നിയമസഭയില്‍ നടന്ന ലോക കേരള സഭയില്‍, വിവാദ പുരാവസ്‌തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുള്ള അനിത പുല്ലയില്‍ എന്ന പ്രവാസി വനിത ലോക കേരള സഭയിലെത്തിയത് മാധ്യമങ്ങള്‍ ദൃശ്യമടക്കം റിപ്പോര്‍ട്ടുചെയ്‌തു. ഇതിനുപിന്നാലെ ജൂണ്‍ 27ന് ആരംഭിച്ച നിയമസഭ സമ്മേളനത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിച്ചില്ലെന്ന് മാത്രമല്ല അന്നത്തെ പ്രതിപക്ഷ ബഹളത്തിന്‍റെ ദൃശ്യവും മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കിയില്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി പി സി വിഷ്‌ണുനാഥ് അന്ന് സ്‌പീക്കറായിരുന്ന എം ബി രാജേഷിന് കത്ത് നല്‍കി. ഇതിനുപിന്നാലെ തൊട്ടടുത്ത ദിവസം നിയമസഭയില്‍ നടത്തിയ റൂളിംഗില്‍ ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ നല്‍കാന്‍ നിയമസഭയിലെ ചട്ടങ്ങള്‍ അനുവദിക്കില്ലെന്ന് എം ബി രാജേഷ് വ്യക്തമാക്കി. 2002ലെ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് സ്‌പീക്കറായിരുന്ന വക്കം പുരുഷോത്തമന്‍ ഇറക്കിയ മാര്‍ഗനിര്‍ദേശമാണ് ഇതിനായി എം ബി രാജേഷ് കൂട്ടുപിടിച്ചത്. അന്ന് പ്രതിപക്ഷത്തായിരുന്ന ഇന്നത്തെ ഭരണ പക്ഷം ശക്തമായി എതിര്‍ത്ത മാര്‍ഗ നിര്‍ദേശമായിരുന്നു ഇത് എന്നതാണ് വിരോധാഭാസം.
കേരളം പിന്‍തുടരുന്നത് സന്‍സദ് ടിവി മാതൃകയെന്ന് പ്രതിപക്ഷം : സഭ നടപടികളുടെ സംപ്രേഷണവുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും ഒരു പോലെ ബാധകമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി സംപ്രേഷണം ചെയ്‌ത ദൃശ്യങ്ങളില്‍ അപാകത ഉണ്ടായിട്ടുള്ളതായ ആക്ഷേപം വസ്‌തുതാപരമല്ലെന്ന് അംഗങ്ങളെ അറിയിക്കുന്നു എന്നായിരുന്നു അന്ന് ഇതുസംബന്ധിച്ച് എം ബി രാജേഷിന്‍റെ റൂളിംഗ്. 2002ലെ മാര്‍ഗ നിര്‍ദേശങ്ങളിലെ ഖണ്ഡിക 15, 19 എന്നിവ ഉദ്ധരിച്ച രാജേഷ് സഭ ബഹളങ്ങളിലേക്ക് കടക്കുകയോ അണ്‍പാര്‍ലമെന്‍ററി പെരുമാറ്റത്തിലേക്ക് പോവുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ സഭ സാധാരണ നിലയിലാകുന്നതുവരെ ക്യാമറ, സ്‌പീക്കറെ മാത്രമേ കേന്ദ്രീകരിക്കാവൂ എന്ന് 15-ാം ഖണ്ഡികയും, സഭയുടെ അന്തസ് ഉയര്‍ത്തുന്ന രീതിയിലുള്ള കൃത്യവും സത്യസന്ധവുമായ റിപ്പോര്‍ട്ടിംഗ് നടത്തുക എന്നത് സഭ ഒരു സ്ഥാപനം എന്നതിനുമപ്പുറം ഒരു പ്രവര്‍ത്തിക്കുന്ന സമിതി എന്ന നിലയില്‍ ആവശ്യമാണെന്ന് 19ാം ഖണ്ഡിക ഉദ്ധരിച്ചുള്ള റൂളിംഗിലും വ്യക്തമാക്കിയിരുന്നു.
ഈ മാര്‍ഗനിര്‍ദേശം കൂട്ടുപിടിച്ചാണ് സഭയില്‍ പ്രതിപക്ഷ പ്രതിഷേധം ഉള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ സഭ ടിവി തുടര്‍ച്ചയായി ഒഴിവാക്കുന്നത്. ലോക്‌സഭയിലെ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ഒഴിവാക്കിയുള്ള ദൃശ്യങ്ങള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ സന്‍സദ് ടിവിയിലൂടെ സംപ്രേഷണം ചെയ്യുന്ന അതേ സമീപനമാണ് പിണറായി സര്‍ക്കാരും ചെയ്യുന്നതെന്ന വിമര്‍ശനവും ശക്തമായിട്ടുണ്ട്.