തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് അഭ്യർഥിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കൾ ഗവർണറെ കണ്ടു. നിയമപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒപ്പുവയ്ക്കരുതെന്ന ആവശ്യം ഗവർണറുടെ മുന്നിൽ ഉന്നയിച്ചത്. വിഷയത്തിൽ രാഷ്ട്രപതിയുടെ അനുമതി തേടണമെന്നും ഗവർണറോട് ആവശ്യപ്പെട്ടതായി പ്രതിപക്ഷനേതാവ് പറഞ്ഞു.
നിയമവശങ്ങൾ വിശദമായി പരിശോധിക്കുമെന്ന് ഗവർണർ ഉറപ്പു നൽകിയതായും നിയമപ്രകാരമാണെങ്കിൽ ഓർഡിനൻസിൽ ഗവർണർ ഒപ്പ് വയ്‌ക്കില്ലെന്നാണ് വിശ്വാസമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
ലോകായുക്ത ഓർഡിനൻസിൽ ഒപ്പുവയ്ക്കരുത്; നിയമഭേദഗതിക്കെതിരെ ഗവർണറെ കണ്ട് പ്രതിപക്ഷം ALSO READ:കൊവിഡ് പ്രതിരോധം ശക്തമാക്കാൻ സർക്കാർ; സമൂഹ അടുക്കളകൾ പുനരാരംഭിക്കാൻ ആലോചന
ഇ.കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ ഇടതുപക്ഷ സർക്കാർ തന്നെ കൊണ്ടുവന്ന നിയമം 25 വർഷങ്ങൾക്കു ശേഷമാണ് ഭരണഘടനാവിരുദ്ധമെന്ന് പറയുന്നത്. ഇ.കെ നായനാരെ അപമാനിക്കുന്ന തീരുമാനമാണ് ഇപ്പോൾ സർക്കാർ എടുത്തത്. നിയമസഭ നിയമം പാസാക്കിയാൽ ഭരണഘടനാവിരുദ്ധമാണെന്ന് പറയാൻ സർക്കാരിന് അധികാരമില്ല.
കോടതിയാണ് അത് തീരുമാനിക്കേണ്ടത്. നിയമ മന്ത്രിയുടെ വാദം സുപ്രീം കോടതി വിധിക്കെതിരെയാണെന്നും വി.ഡി സതീശൻ ആരോപിച്ചു. വി.ഡി സതീശൻ്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.എം.എ സലാം, എ.എ അസീസ്, സി.പി ജോൺ തുടങ്ങിയവർ അടങ്ങിയ സംഘമാണ് ഗവർണറെ സന്ദർശിച്ചത്.