തിരുവനന്തപുരം: ഷാഫി പറമ്പിൽ എംഎൽഎക്കെതിരായ പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് സ്‌പീക്കറുടെ ഡയസിൽ കയറി മുദ്രാവാക്യം വിളിച്ച നാല് പ്രതിപക്ഷ എം.എൽ.എമാര്‍ക്ക് സ്‌പീക്കറുടെ ശാസന. റോജി എം. ജോൺ, ഐ.സി ബാലകൃഷ്ണൻ, അൻവർ സാദത്, എൽദോസ് കുന്നപ്പള്ളി എന്നിവർക്കെതിരെ നിയമസഭ ചട്ടപ്രകാരമാണ് നടപടിയെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. ഡയസിൽ കയറിയ നടപടി പെരുമാറ്റ ചട്ടങ്ങളുടെ ലംഘനവും സഭയുടെ അന്തസിന് ചേരാത്തതാണെന്നും സ്‌പീക്കർ പറഞ്ഞു.
സ്‌പീക്കറുടെ നടപടി അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. തുടർന്ന് പ്രതിഷേധവുമായി സ്‌പീക്കറുടെ ഡയസിനു മുന്നിലെത്തി. എല്ലാവരോടും കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്നാണ് സ്‌പീക്കർ നേരത്തെ വ്യക്തമാക്കിയതെന്നും നിലവിലെ നടപടി ഏകപക്ഷീയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.