തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ സുരക്ഷ കുറച്ചതിൽ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. സുരക്ഷ കുറക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അല്‍പത്തരമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് സുധാകരൻ തന്‍റെ പ്രതിഷേധം അറിയിച്ചത്.
നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചത്. പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങാന്‍ മുഖ്യമന്ത്രിക്ക് നൂറു കണക്കിന് പൊലീസുകാരുടെയും പാര്‍ട്ടി ഗുണ്ടകളുടെയും അകമ്പടി വേണമായിരിക്കും. എന്നാല്‍ പ്രതിപക്ഷ നേതാവടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജനങ്ങള്‍ക്കിടയിലിറങ്ങാന്‍ ഭയമില്ല. തങ്ങളുടെ കൈകളില്‍ പാവങ്ങളുടെ രക്തക്കറ പുരണ്ടിട്ടില്ലെന്നും ജനം ആക്രമിക്കുമെന്ന് പിണറായി വിജയനെ പോലെ തങ്ങള്‍ക്ക് ഭയമില്ലെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിഴിഞ്ഞം കടപ്പുറത്തു നിന്നും ഭോപ്പാലില്‍ നിന്നുമൊക്കെ മുഖ്യമന്ത്രി ഭയന്നോടുന്നത് മലയാളികള്‍ കണ്ടിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ പൊലീസ് കാവലില്‍ മംഗലാപുരത്ത് പ്രസംഗിക്കുന്നതും കണ്ടതാണ്. സംഘപരിവാറിനെതിരെയും കൂട്ടുകക്ഷികളായ സിപിഎമ്മിനെതിരെയും സംസാരിക്കുവാനും പ്രവര്‍ത്തിക്കുവാനും പൊലീസിന്‍റെ പിന്‍ബലം കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.