തിരുവനന്തപുരം : കരിങ്കൊടി കാണിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെരുവിൽ മര്‍ദിക്കുന്ന സംഭവങ്ങളില്‍ പൊലീസ് കൃത്യമായി കേസെടുത്താൽ അടങ്ങിയിരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഈ വിഷയം തെരുവിലേക്ക് വലിച്ചിഴയ്‌ക്കേണ്ടെന്ന് കരുതിയതായിരുന്നു. എന്നാല്‍ പൊലീസ് കൃത്യമായ നടപടികളെടുക്കുന്നില്ല. (VD Satheesan demands police case). അങ്ങനെയെങ്കില്‍ ഞങ്ങളും തിരിച്ചടിക്കും. തിരിച്ചടിക്കാൻ കഴിയുന്നവരാണ് കോണ്‍ഗ്രസുകാരെന്നും വി ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി (VD Satheesan on the protest by congress workers).
മുഖ്യമന്ത്രിയുടെ ഗൺമാനെ പുറത്താക്കണം. ശക്തമായ പ്രതികരണങ്ങള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകളിലേക്ക് വിദ്യാഭ്യാസ മന്ത്രി ഒരു ലിസ്റ്റ് കൊടുത്തു. അറിയപ്പെടുന്ന സിപിഎമ്മുകാർ മന്ത്രിയുടെ ലിസ്റ്റിലുണ്ട്. യുഡിഎഫും കോൺഗ്രസും പേര് കൊടുത്തിട്ടില്ല. ഗവർണർക്ക് പേര് കൊടുക്കാൻ ഞങ്ങൾക്കും സമ്മർദമുണ്ടായി.
ഗവർണർ വഴിവിട്ട് പെരുമാറുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ സർക്കാർ അദ്ദേഹത്തിന് കുട പിടിച്ചു' - വി ഡി സതീശന്‍ ആരോപിച്ചു. സിൻഡിക്കേറ്റ് നിയമനത്തിൽ പാർട്ടിയുടെ പേര് നോക്കാതെ നല്ല ആളുകളെ നിയമിക്കണം എന്നാണ് കെപിസിസി പ്രസിഡന്‍റ് ഉദ്ദേശിച്ചത്. സംസാരത്തിൽ പറ്റിയ പിഴവാണ്. അപകടം മനസിലാക്കി ഉടൻ തന്നെ തിരുത്തി.