തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് പത്തനാപുരത്ത് സാക്ഷരത പ്രേരകും സഹകരണ ബാങ്കിന്‍റെ ജപ്‌തിയില്‍ മനംനൊന്ത് വൈക്കത്ത് ഗൃഹനാഥനും ആത്മഹത്യ ചെയതത് ഏറെ വേദനിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആറുമാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പത്തനാപുരം ബ്ലോക്ക് നോഡല്‍ പ്രേരകായിരുന്ന മാങ്കോട് സ്വദേശി ഇഎസ് ബിജു ആത്മഹത്യ ചെയ്‌തത്.
ഇരുപത് വര്‍ഷമായി സാക്ഷരത പ്രേരകായി പ്രവര്‍ത്തിച്ചിരുന്ന മികച്ച സാക്ഷരത പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ ആളാണ് അദ്ദേഹം. ശമ്പളത്തിന് വേണ്ടി പ്രേരകിന് വേണ്ടി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം 80 ദിവസം പിന്നിടുന്നതിനിടയിലാണ് ബിജുവിന്‍റെ മരണം.
സഹകരണ ബാങ്കിന്‍റെ ജപ്‌തി ഭയന്ന് വൈക്കം തലയാഴത്ത് കാര്‍ത്തികേയനാണ് ആത്മഹത്യ ചെയതത്. രണ്ട് കുടുംബങ്ങളാണ് അനാഥമായതെന്ന് ഓര്‍ക്കണം. കേരളത്തിലെ സാധരണക്കാരുടെ ദുരിതങ്ങളും കഷ്‌ടപ്പാടുകളും അറിയാതെയും സംസ്ഥാനത്തിന്‍റെ സാമ്പത്തിക പശ്ചാത്തലം മനസിലാക്കാതെയുമാണ് ബജറ്റ് തയ്യാറാക്കിയതെന്ന പ്രതിപക്ഷ വാദം ശരിവയ്ക്കുന്നതാണ് ഈ അത്മഹത്യകളെന്നും വി ഡി സതീശന്‍ പറഞ്ഞു.