തിരുവനന്തപുരം: മുട്ടില്‍ വനം കൊള്ളയുടെ അന്വേഷണ സംഘത്തില്‍ നിന്ന് ഡി.എഫ്.ഒ ധനേഷ്‌കുമാറിനെ മാറ്റിയത് ദുരൂഹവും പ്രതിഷേധാര്‍ഹവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വനം കൊള്ള കണ്ടെത്തുകയും ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അക്ഷീണം പ്രയത്‌നിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തില്‍ നിന്നൊഴിവാക്കിയത് വനം മാഫിയയുടെയും അവര്‍ക്ക് പിന്നിലെ ഗൂഢ സംഘത്തിന്‍റെയും താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് വിഡി സതീശൻ ആരോപിച്ചു.
കൂടുതല്‍ വായനയ്ക്ക്:'വനം മന്ത്രിയായ ശേഷം അവരെ കണ്ടിട്ടില്ല' ; കൈക്കൂലി ആരോപണം അന്വേഷിക്കുമെന്ന് എ.കെ.ശശീന്ദ്രന്‍
സത്യസന്ധതയോടും കാര്യ പ്രാപ്തിയോടും കൂടി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താന്‍ മാഫിയ തലവന്‍മാരുടെ ജല്‍പ്പനങ്ങള്‍ വനം മന്ത്രിയും വനം മേധാവിയും ഉപയോഗിക്കുകയാണ്. യഥാര്‍ഥത്തില്‍ വനം, റവന്യു വകുപ്പുകളിലെ ഐ.എ.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ക്കെതിരെയാണ് അന്വേഷണം വേണ്ടത്. വനം കൊള്ളയ്ക്ക് നേതൃത്വം നല്‍കിയ ഉന്നത ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തു വരികയുള്ളൂ എന്നും സതീശൻ പറഞ്ഞു.
ഉത്തരമേഖല സി.സി.എഫ്, പ്രിന്‍സിപ്പല്‍ സി.സി.എഫിന് നല്‍കിയ റിപ്പോര്‍ട്ട് എവിടെ പോയെന്നും, ഇക്കാര്യം അറിയാതെയാണോ റിപ്പോര്‍ട്ട് കിട്ടട്ടെ എന്ന് വനം മന്ത്രി ആവര്‍ത്തിക്കുന്നതെന്നും വിഡി സതീശൻ ചോദിച്ചു. വനം ഭൂ നിയമങ്ങള്‍ അട്ടിമറിക്കപ്പെടരുത്. ഒപ്പം വനം കൊള്ളക്കാരില്‍ നിന്ന് സത്യസന്ധരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുയും വേണം. ജൂണ്‍ 17ന് തന്‍റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം വയനാട് സന്ദര്‍ശിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.