തിരുവനന്തപുരം:കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും പ്രതിഷേധങ്ങളെ അടിച്ചൊതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും സന്തോഷിപ്പിക്കാനാണ് ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിഷേധങ്ങളെയും ചോദ്യങ്ങളെയും ഭയപ്പെടുന്ന മോദിയുടെ അതേ ഫാസിസ്‌റ്റ് രീതിയാണ് കേരള സര്‍ക്കാരും മുഖ്യമന്ത്രിയും പിന്തുടരുന്നതെന്നും സതീശൻ പ്രസ്‌താവനയിൽ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്തുനിന്നും അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് രാജ്ഭവനിലേക്കും കണ്ണൂർ ഡിസിസി ഓഫീസിലേക്കും നടത്തിയ മാർച്ചിൽ പ്രവർത്തകരെ പൊലീസ് മർദിച്ച സംഭവത്തിലാണ് വിഡി സതീശന്‍റെ പ്രതികരണം.
കേരള പൊലീസിനെ ഉപയോഗിച്ച് സംഘപരിവാര്‍ ക്വട്ടേഷന്‍ നടപ്പാക്കി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം മാത്രമാണെന്നും ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. നരേന്ദ്ര മോദിക്കും സംഘപരിവാറിനും എതിരെ പ്രതിഷേധിക്കുമ്പോള്‍ കേരള പൊലീസിന് ഇത്രയും ഹാലിളകുന്നത് എന്തിനാണ്?. സർക്കാരിന്‍റെ അറിവോടെയാണ് പ്രതിഷേധിക്കുന്നവരെ ആക്രമിക്കാന്‍ പൊലീസ് ശ്രമിക്കുന്നതെന്ന് പ്രതിക്ഷ നേതാവ് ആരോപിച്ചു.
പ്രതിഷേധം അടിച്ചൊതുക്കുന്നു: കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തല പൊലീസ് അടിച്ചുപൊളിച്ചു. കണ്ണൂർ ഡിസിസി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജും സജീവ് ജോസഫ് എം.എല്‍.എയും ഉള്‍പെടെയുള്ളവരെ പൊലീസ് മർദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും മന്ത്രിമാരും രാഹുൽ ഗാന്ധിയെ പിന്തുണച്ച് ഫേസ്ബുക്ക് കുറിപ്പുകൾ ഇടുമ്പോഴും ബിജെപി-സംഘപരിവാര്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തെ അടിച്ചൊതുക്കുകയാണ്.
എന്തുകൊണ്ടാണ് കേരളത്തിൽ മോദിക്കും സംഘപരിവാറിനുമെതിരായ ഒരു പ്രതിഷേധങ്ങളും അനുവദിക്കില്ലെന്ന നിലപാട് മുഖ്യമന്ത്രിയും എൽഡിഎഫ് സർക്കാരും സ്വീകരിക്കുന്നതെന്ന് വിഡി സതീശന്‍ ചോദിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും ലാത്തിചാർജും പ്രയോഗിച്ചിരുന്നു. രാത്രി എട്ട് മണിയോടെ ആരംഭിച്ച മാർച്ചാണ് വൻ സംഘർഷത്തിൽ കലാശിച്ചത്.