തിരുവനന്തപുരം:മുഖ്യമന്ത്രി നാല് താഴിട്ട് പൂട്ടിയാലും കള്ളത്തരം കാട്ടിയാല്‍ രേഖകള്‍ പുറത്തു കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതാണ് ജനങ്ങള്‍ പ്രതിപക്ഷ നേതാവിനെ ഏല്പ്പിച്ച ദൗത്യം. ആഴക്കടല്‍ മത്സ്യബന്ധന - ഇഎംസിസി കരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. വിവാദ കരാര്‍ പിന്‍വലിക്കുക, മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി മേഴ്‌സികുട്ടിയമ്മ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നിയിച്ച് പൂന്തുറയില്‍ സത്യഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മുഖ്യമന്ത്രി നാല് താഴിട്ട് പൂട്ടിയാലും കള്ളത്തരം പുറത്തു കൊണ്ടു വരും: രമേശ് ചെന്നിത്തല വിവാദ കരാറില്‍ ഡിപിആര്‍ തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ്. അമേരിക്കന്‍ സ്ഥാപനമായ ഇഎംസിസിയുടെ സിഇഒ മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എന്നിട്ടും ഒന്നും അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ ഒരു ഉദ്യോഗസ്ഥന് 2500 കോടിയുടെ കരാര്‍ ഒപ്പിടാന്‍ കഴിയില്ല. എന്നിട്ടും ഇതൊന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കില്‍ ഈ സ്ഥാനത്തിരിക്കാന്‍ പിണറായി വിജയന്‍ യോഗ്യനല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ദിവസ വരുമാനക്കാരായ മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. കേരളത്തിലെ മന്ത്രിമാരില്‍ ഭൂരിഭാഗവും ഓര്‍മയില്ലാത്തവരാണ്. കള്ളത്തരം ചെയ്യുകയും അതിനെ പറ്റി ചോദിക്കുമ്പോള്‍ ഓര്‍മയില്ല എന്നാണ് മറുപടി പറയുന്നത്. ആരോപണം ഉന്നയിക്കുന്നവരുടെ മനോനില തെറ്റിയെന്നാണ് സിപിഎം പ്രചരിപ്പിക്കുന്നത്. വട്ടുള്ളവര്‍ക്കേ മറ്റുള്ളവരുടെ വട്ട് മനസിലാകു അദ്ദേഹം പറഞ്ഞു.
കരാര്‍ ഒപ്പുവച്ച ഉദ്യോഗസ്ഥന്‍ മന്ത്രിയായിരിക്കെ തന്‍റെ സ്റ്റാഫില്‍ ഉണ്ടായിരുന്നതു കൊണ്ട് ഇതെല്ലാം താന്‍ ചെയ്തുവെന്നാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. പ്രശാന്തിനെ അടുത്തിടെയൊന്നും കണ്ടിട്ടോ സംസാരിച്ചിട്ടോയില്ല. ജനങ്ങളെ വഞ്ചിക്കാനായി എന്തെങ്കിലും പറയാതെ വ്യക്തമായ മറുപടി പറയണമെന്നും പ്രതിപഷ നേതാവ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉപവാസം ഉദ്ഘാടനം ചെയ്തു. വിവാദമായ കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജി വയ്ക്കുക, മത്സ്യ ബന്ധന നയത്തിലെ വിവാദമായ 2 (9) ഭേദഗതി ഒഴിവാക്കുക, സ്വകാര്യ കമ്പനിയ്ക്ക് ചേര്‍ത്തല പളളിപ്പുറത്ത് ഭൂമി അനുവദിച്ചത് റദ്ദാക്കുക എന്നീ നാല് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹ സമരം.