തിരുവനന്തപുരം:കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് പിന്നാലെയാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുളള കാര്യോപദേശക സമിതി തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ മേശപ്പുറത്ത് വച്ചത്. 24 ധനാഭ്യര്‍ഥനകള്‍ ഒറ്റയടിക്ക് പാസാക്കുന്നത് ഒഴിവാക്കണമെന്നും പകരം വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി സഭ പിരിയാമെന്നുമുള്ള പ്രതിപക്ഷാംഗങ്ങളുടെ നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ വഴങ്ങിയില്ല.
നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു - തിരുവനന്തപുരം
24 ധനാഭ്യര്‍ഥനകള്‍ ഒറ്റയടിക്ക് പാസാക്കുന്നത് ഒഴിവാക്കണമെന്നും പകരം വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സഭ പിരിയാമെന്നുമുള്ള പ്രതിപക്ഷാംഗങ്ങളുടെ നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ വഴങ്ങിയില്ല. ഇതേ തുടർന്നാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.
പ്രതിപക്ഷാംഗം കെ.എന്‍.എ ഖാദറും സ്വതന്ത്ര അംഗം പി.സി.ജോര്‍ജും സഭ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്നും ഇതൊരു മഹാമാരി നേരിടുന്നതിനുള്ള നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനാഭ്യര്‍ഥനകള്‍ ഒറ്റയടിക്ക് ഗില്ലറ്റിന്‍ ചെയ്ത് സഭയില്‍ പുതിയ കീഴ് വഴക്കം സ്പീക്കര്‍ സൃഷ്ടിക്കരുതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ക്കാര്‍ നിയമസഭാ സമ്മേളനത്തെ ഭയക്കുന്നതായും ഇന്ത്യന്‍ പാര്‍ലമെന്‍റും ബ്രിട്ടീഷ് പാര്‍ലമെന്‍റും പല നിയമസഭകളും സമ്മേളിക്കുന്നുണ്ടെന്നും ഇന്ത്യയിലെ എല്ലാ കോടതികളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേരള നിയമസഭ മാത്രം നിര്‍ത്തി വെക്കണ്ട സാഹചര്യം എന്താണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.