തിരുവനന്തപുരം:ആലുവയിൽ ബിഹാർ സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ബാലികയെ തട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തെ ചൊല്ലി നിയമസഭയിൽ ഭരണ - പ്രതിപക്ഷ പോര് (Ruling opposition arguments in the assembly). ആഭ്യന്തര വകുപ്പിനെതിരായ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പരാമർശങ്ങളിൽ പ്രകോപിതരായി ഭരണപക്ഷ അംഗങ്ങൾ ഇരിപ്പിടങ്ങളിൽ നിന്നെഴുന്നേറ്റു. പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും ചെയ്‌തതോടെ നിയമസഭ ഏറെ നേരം ബഹളത്തിൽ മുങ്ങി.
വളരെ പണിപ്പെട്ടാണ് സ്‌പീക്കർ എ എൻ ഷംസീർ സഭാ നടപടികൾ സാധാരണ നിലയിലാക്കിയത്. ആലുവ എം എൽ എ അൻവർ സാദത്ത് ആണ് ഈ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് ഇന്ന് ഇക്കാര്യത്തിൽ സമ്പൂർണ പരാജയമാണെന്ന് അൻവർ സാദത്ത് എം എൽ എ ആരോപിച്ചു.
ആഭ്യന്തര വകുപ്പിൻ്റെ ഭരണം മുഖ്യമന്ത്രിക്ക് പകരം മറ്റൊരു ഗൂഢ സംഘത്തിൻ്റെ കയ്യിലാണെന്ന പ്രതിപക്ഷ നേതാവിൻ്റെ മുൻ ആരോപണവും അൻവർ സാദത്ത് ഉന്നയിച്ചു. ഇത്തരം ആരോപണം ഉന്നയിക്കുന്നവരുടെ മനോനില പരിശോധിക്കണം എന്നാണ് മുഖ്യമന്ത്രി ഇതിന് നൽകിയ മറുപടി. എന്നാൽ മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്‌തരാകാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വോക്കൗട്ട് പ്രഖ്യാപിച്ച്, വോക്കൗട്ട് പ്രസംഗത്തിലേക്ക് കടന്നു (opposition announced walkout in Assembly).