തിരുവനന്തപുരം:പ്രതിപക്ഷ ബഹളം ചൂണ്ടിക്കാട്ടി സ്‌പീക്കര്‍ നിയമസഭ വേഗത്തില്‍ പിരിച്ചു വിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍ ലൈഫ് മിഷന്‍ വിഷയത്തില്‍ ഉത്തരം പറയുന്നത് ഒഴിവാക്കാനെന്ന് പ്രതിപക്ഷ ആരോപണം. കഴിഞ്ഞ ദിവസം നിയമസഭയില്‍ സ്‌പീക്കറുടെ ഓഫിസിന് മുന്നില്‍ നടന്ന സംഘര്‍ഷം സംബന്ധിച്ച് ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ ഈ വിഷയം പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് സ്‌പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ സ്‌പീക്കര്‍ ചോദ്യോത്തര വേളയിലെ നടപടി ക്രമങ്ങളിലേക്ക് കടക്കുകയും പ്രതിപക്ഷം പ്രതിഷേധം തുടങ്ങുകയും ചെയ്‌തു.
ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലായിരുന്നു ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഭക്ഷ്യമന്ത്രിയോടുള്ള ചോദ്യങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിയോട് വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടും വിദേശ സഹായം സംബന്ധിച്ച ചോദ്യങ്ങളുമായിരുന്നു ഉന്നയിക്കാനിരുന്നത്. നക്ഷത്ര ചിഹ്നമിട്ട ചോദ്യം നമ്പര്‍ 452 ആയി പ്രതിപക്ഷ അംഗങ്ങളാണ് ഈ ചോദ്യം ഉന്നയിച്ചിരുന്നത്.
വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ ഭാഗമായി റെഡ് ക്രെസന്‍റും ലൈഫ് മിഷനും തമ്മിലുള്ള എം.ഒ.യുവില്‍ ലൈഫ് മിഷനും റെഡ്‌ക്രെസെന്‍റും തമ്മില്‍ സഹകരിക്കുന്ന ഓരോ പദ്ധതിക്കും എഗ്രിമെന്‍റ് ഉണ്ടാകണം എന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ? പ്രസ്‌തുത എം.ഒ.യു പ്രകാരം കാരറുകള്‍ ഉണ്ടാക്കിയിട്ടുണ്ടോയെന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റെ ചോദ്യം.
എന്നാല്‍ ഭക്ഷ്യമന്ത്രിയോടുള്ള ചോദ്യങ്ങള്‍ അവസാനിച്ച ഉടന്‍ തന്നെ പ്രതിപക്ഷ ബഹളം ചൂണ്ടികാട്ടി ചോദ്യോത്തര വേള റദ്ദാക്കുകയാണ് ചെയ്‌തത്. ഇതിന് പിന്നാലെ സഭ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിയുകയും ചെയ്‌തു. ഇത് ലൈഫ് മിഷനില്‍ മുഖ്യമന്ത്രി ഉത്തരം പറയുന്നത് ഒഴിവാക്കാനാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.