തിരുവനന്തപുരം: സ്‌പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ പ്രമേയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തെ തുടർന്ന് നിയമസഭയിൽ രൂക്ഷമായ വാദപ്രതിവാദം. സാങ്കേതികത്വത്തിൽ കടിച്ചു തൂങ്ങാതെ സ്‌പീക്കർ ജനാധിപത്യ മര്യാദ പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പദവിയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതിൽ സ്‌പീക്കർ പരാജയപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സഭാ നടപടികൾ ആരംഭിച്ച ഉടന്‍ തന്നെ സ്‌പീക്കർക്കെതിരായ പ്രമേയം ചർച്ച ചെയ്യണമെന്നാവശ്യപെട്ട് പ്രതിപക്ഷം രംഗത്ത് വന്നു.
സ്‌പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം; സഭയില്‍ വാദപ്രതിവാദം - opposition against assembly speaker
സാങ്കേതികത്വത്തിൽ കടിച്ചു തൂങ്ങാതെ സ്‌പീക്കർ ജനാധിപത്യ മര്യാദ പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
അതേസമയം ഭരണഘടന 179 ( സി ) നിയമ പ്രകാരം സ്‌പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയത്തിന് 14 ദിവസത്തെ നോട്ടീസ് വേണമെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ സഭയില്‍ ചൂണ്ടിക്കാട്ടി. താൻ വിചാരിച്ചാൽ പോലും പ്രമേയം ചർച്ചക്കെടുക്കാനാകില്ലെന്നും സ്‌പീക്കർ മറുപടി നൽകി. സ്‌പീക്കർക്കെതിരായ പ്രതിപക്ഷ പരാമർശം ദുസൂചനയോടെയാണെന്നും പരാമർശങ്ങൾ രേഖയിലുണ്ടാകാൻ പാടില്ലെന്നും പാർലമെൻ്ററികാര്യ മന്ത്രി എ.കെ ബാലൻ പറഞ്ഞു. തൻ്റെ നിലപാടുകളോട് യോജിക്കാനും വിയോജിക്കാനും പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നും എന്നാൽ തനിക്ക് ഭരണഘടനാപരമായി മാത്രമേ പ്രവർത്തിക്കാനാകൂവെന്നുമുള്ള സ്‌പീക്കറുടെ വിശദീകരണത്തെ തുടർന്നാണ് തർക്കം അവസാനിച്ചത്.