തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ എൻഫോഴ്സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെടി ജലീലിന്‍റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ ശക്തം. സമരങ്ങളാൽ സെക്രട്ടേറിയറ്റിനു മുൻവശം സംഘർഷഭരിതമായിരുന്നു. തലസ്ഥാനത്ത് പ്രതിഷേധക്കാരും പൊലീസും തമ്മിൽ നിരവധി തവണ ഏറ്റുമുട്ടി. തലസ്ഥാനം തെരുവ് യുദ്ധത്തിനു സമാനമായിരുന്നു. മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നലെ തുടങ്ങിയ പ്രതിപക്ഷ സമരം ഇന്നും തുടരുകയായിരുന്നു.
വിവിധ രാഷ്‌ട്രീയകക്ഷികൾ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധവുമായി എത്തി. മഹിളാ കോൺഗ്രസ് ആണ് സെക്രട്ടേറിയറ്റിനു മുന്നിൽ ആദ്യം പ്രതിഷേധവുമായി എത്തിയത്. മഹിളാ കോൺഗ്രസ് പ്രവർത്തകർ മന്ത്രി കെ ടി ജലീലിന്‍റെ കോലം കത്തിച്ചു. ആർ വൈ എസ് പി, യൂത്ത് ലീഗ് ഉൾപ്പെടെയുള്ള സംഘടനകളും പ്രതിഷേധവുമായി എത്തി. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധവും എത്തി അവർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
തലസ്ഥാനത്ത് കെടി ജലീലിന്‍റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം തുടർന്ന് എത്തിയത് ബിജെപി, യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധമായിരുന്നു. യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം ഏകദേശം ഒരു മണിക്കൂറോളം തലസ്ഥാനത്തെ തെരുവ് യുദ്ധത്തിനു സമാനമാക്കി. സെക്രട്ടേറിയറ്റിലെ സമര ഗേറ്റിനു മുന്നിലെ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. കണ്ണീർവാതകവും ഗ്രേഡും പ്രയോഗിക്കുന്നത് വരെയെത്തി പ്രതിഷേധം. യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശുകയും ചെയ്തു.
ഇതിനിടയിൽ പ്രകടനമായെത്തിയ എബിവിപി പ്രവർത്തകരിൽ ഒരാൾ സെക്രട്ടേറിയറ്റിന് ഉളളിലേക്ക് കടന്നു. സെക്രട്ടേറിയറ്റിൽ കടന്ന പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുളള ശ്രമം പൊലീസ് ആരംഭിച്ചു. ഇതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ കൂടി എത്തിയതോടെ സെക്രട്ടേറിയറ്റിന് മുൻവശം വീണ്ടും സംഘർഷഭരിതമായി. പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രതിഷേധ ഭാഗമായി അറസ്റ്റ് ചെയ്ത പ്രവർത്തകരെ വിട്ടു നൽകിയില്ലെങ്കിൽ പ്രതിഷേധം രൂക്ഷമാകുമെന്ന് ബിജെപി.