കേരളം

kerala

ETV Bharat / state

ഓപ്പറേഷൻ പി ഹണ്ട്; കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച 12 പേർ അറസ്റ്റില്‍

ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ റെയ്‌ഡിലാണ് പ്രായപൂര്‍ത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 12 പേര്‍ പിടിയിലായത്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

കുട്ടികളുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച 12 പേർ പിടിയിൽ

By

Published : Oct 13, 2019, 12:36 PM IST

Updated : Oct 13, 2019, 2:20 PM IST

തിരുവനന്തപുരം:ഇന്‍റര്‍നെറ്റിൽ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും തെരയുകയും ചെയ്‌ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു. ' ഓപ്പറേഷന്‍ പി ഹണ്ട് ' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ റെയ്‌ഡിലാണ് അറസ്റ്റ്. 21 സ്ഥലങ്ങളിലായിരുന്നു റെയ്‌ഡ്. സംഭവത്തിൽ 20 കേസുകളും രജിസ്റ്റര്‍ ചെയ്‌തു.

ഓപ്പറേഷൻ പി ഹണ്ട്; കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച 12 പേർ അറസ്റ്റില്‍

തിരുവനന്തപുരത്ത് രണ്ട് പേരാണ് അറസ്റ്റിലായത്. നെടുമങ്ങാട് കരുപ്പൂര്‍ സ്വദേശി ബിജു പ്രസാദ്, പുല്ലംപാറ സ്വദേശി എസ്. മുഹമ്മദ് ഫഹാദ് എന്നിവരാണ് പിടിയിലായത്. പത്തനംതിട്ടയില്‍ നിന്നും വളളിക്കോട് സ്വദേശി ശ്രീജേഷ്, വടശ്ശേരിക്കര സ്വദേശി സുജിത് എന്നിവര്‍ അറസ്റ്റിലായി. എറണാകുളത്ത് അനൂപ്, രാഹുല്‍ ഗോപി എന്നിവരും അറസ്റ്റിലായി. കണ്ണൂര്‍ മതിപറമ്പ് സ്വദേശികളായ എ. ജിഷ്‌ണു, രമിത്.കെ, കരിയാട് സ്വദേശി ജി.പി. ലിജേഷ് എന്നിവരാണ് കണ്ണൂരില്‍ നിന്നും അറസ്റ്റിലായ മൂന്ന് പേര്‍. പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഒരാള്‍ വീതവും അറസ്റ്റിലായി.

വിവിധ ഗ്രൂപ്പുകളെയും 126 വ്യക്തികളെയും കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ നടപടി. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ മൂന്നാം തവണയാണ് സംസ്ഥാന വ്യാപകമായി പൊലീസ് റെയ്‌ഡ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് വാട്‌സാപ്, ഫേസ് ബുക്ക്, ടെലഗ്രാം എന്നിവയും പൊലീസ് നിരീക്ഷണത്തിലാണ്. പിടിയിലായവരില്‍ നിന്നും മൊബൈല്‍ ഫോൺ, ലാപ്ടോപ്, മോഡം, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്‌സാപ് ഗ്രൂപ്പുകളും കണ്ടെത്താന്‍ കഴിഞ്ഞു.

എഡിജിപിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാമിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു റെയ്‌ഡ്. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ ഇന്‍സ്‌പെക്‌ടര്‍ സ്റ്റാര്‍മോന്‍ ആര്‍.പിളളയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ പൊലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്‌ധരും പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവിമാര്‍ അതാത് ജില്ലകളിലെ റെയ്‌ഡിന് നേതൃത്വം നല്‍കി. വെളളിയാഴ്‌ച രാവിലെ ആറ് മണിക്ക് ആരംഭിച്ച റെയ്‌ഡ് രാത്രി വൈകിയാണ് അവസാനിച്ചത്. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയുളള പൊലീസ് നടപടികള്‍ക്ക് ഇന്‍റര്‍പോള്‍ സഹകരണവും പരിശീലനവും ലഭിച്ചിരുന്നു.

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ച് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരുടെ വിവരങ്ങള്‍ സൈബര്‍ ഡോമിനെയോ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനെയോ അറിയിക്കാന്‍ കേരള പൊലീസ് അഭ്യര്‍ത്ഥിച്ചു.

Last Updated : Oct 13, 2019, 2:20 PM IST

ABOUT THE AUTHOR

...view details