തിരുവനന്തപുരം :മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര കോട്ടയത്തെത്തി. 24 മണിക്കൂറിലധികം സമയമെടുത്താണ് വിലാപയാത്ര അദ്ദേഹത്തിന്‍റെ തട്ടകത്തിലെത്തിയത്. ഇന്നലെ (ജൂലൈ 19) രാവിലെ 7.15 നാണ് ഉമ്മൻചാണ്ടിയുടെ തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസിൽ നിന്ന് വിലാപയാത്ര ആരംഭിച്ചത്.
ആയിരക്കണക്കിന് പേർ ഓരോ കേന്ദ്രങ്ങളിലും ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയതോടെയാണ് വിലാപയാത്ര വൈകിയത്. ഇന്നലെ വൈകുന്നേരം 6 മണി മുതൽ കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനം എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ന് രാവിലെ 7.15 ഓടെയാണ് യാത്ര കോട്ടയം തിരുനക്കര മൈതാനത്ത് എത്തിയത്.
അർധ രാത്രിയും പുലർച്ചെയും മഴ നനഞ്ഞ് വഴിയരികില്‍ ആയിരക്കണക്കിന് പേരാണ് ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്. തിരുനക്കര മൈതാനത്തെ പൊതു ദർശനശേഷം ഡിസിസി ഓഫിസിലും മൃതദേഹം എത്തിക്കും. അതിനുശേഷമാകും ഉമ്മൻചാണ്ടിയുടെ ജന്‍മനാടായ പുതുപ്പള്ളിയിലേക്ക് ഭൗതിക ശരീരം എത്തിക്കുക.
ഇന്ന് വൈകുന്നേരം 3 മണിക്കാണ് സംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ ഇന്ന് (ജൂലൈ 20) ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളിയിലെത്തി അന്തിമോപചാരം അർപ്പിക്കും. കോട്ടയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കലക്‌ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളം കണ്ട കരുത്തുറ്റ നേതാവ് :സംസ്ഥാനം ഭരിച്ച മികച്ച നേതാവ്, ജന മനസുകളില്‍ ആഴത്തില്‍ സ്‌പര്‍ശിച്ച കരുതല്‍ സ്‌പര്‍ശം... ഇങ്ങനെ നീളുന്നതാണ് പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറിച്ചുള്ള വിശേഷണം. പ്രശ്‌നങ്ങളില്‍ അതിവേഗം തീര്‍പ്പുണ്ടാക്കുകയെന്ന പ്രകൃതമാണ് ഉമ്മന്‍ ചാണ്ടിയെ കേരളത്തിന് ഇത്രയും പ്രിയങ്കരനാക്കിയത്. 1970 മുതല്‍ 2023 വരെ നീണ്ട രാഷ്‌ട്രീയ ജീവിതം. പുതുപ്പള്ളിയിലെ ജനകീയനായ രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ തന്‍റെ രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നത് സ്വന്തം നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭാംഗമായിട്ടാണ്.
നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി രാപകലില്ലാതെ പരിശ്രമിച്ച നേതാവ്. തുടര്‍ന്ന് 1977 മുതല്‍ 2021 വരെയുള്ള മുഴുവന്‍ തെരഞ്ഞെടുപ്പുകളിലും വിജയിച്ച് ചരിത്രമെഴുതി. 1977 ല്‍ കെ കരുണാകരന്‍ മന്ത്രിസഭയിലും 1978ല്‍ എ കെ ആന്‍റണി മന്ത്രിസഭയിലും മന്ത്രിസ്ഥാനം വഹിച്ചു. തുടര്‍ന്നാണ് 2004ല്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനമേറ്റത്. അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്‍റണി തന്‍റെ സ്ഥാനം രാജിവച്ചതോടെയായിരുന്നു ഉമ്മന്‍ ചാണ്ടി ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
Also Read:'പുലരും വരെ ഓഫീസില്‍, പത്ത് ലക്ഷം പേരെ നേരില്‍ കണ്ട് പരിഹാരം നല്‍കി, ജനത്തിന് കാണാൻ ഓഫീസില്‍ വെബ് കാമറ': പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പിഎസ് ശ്രീകുമാർ ഉമ്മന്‍ ചാണ്ടിയെ ഓർക്കുന്നു