കേരളം

kerala

ETV Bharat / state

Oommen Chandy | ഉമ്മന്‍ ചാണ്ടിക്ക് കണ്ണീരോടെ വിട ചൊല്ലി തലസ്ഥാനം ; കോട്ടയത്തേക്കുള്ള വിലാപ യാത്ര ആരംഭിച്ചു - ഉമ്മന്‍ചാണ്ടി വിലാപ യാത്ര

ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ആരംഭിച്ചു

Oommen Chandy s mourning procession  mourning procession  Kottayam  Oommen Chandy  കണ്ണീരോടെ വിട ചൊല്ലി തലസ്ഥാനം  കോട്ടയത്തേക്കുള്ള വിലാപ യാത്ര ആരംഭിച്ചു  വിപാല യാത്ര  ഉമ്മന്‍ചാണ്ടി വിലാപ യാത്ര  ഉമ്മന്‍ചാണ്ടി
കണ്ണീരോടെ വിട ചൊല്ലി തലസ്ഥാനം

By

Published : Jul 19, 2023, 8:00 AM IST

Updated : Jul 19, 2023, 10:56 AM IST

കണ്ണീരോടെ വിട ചൊല്ലി തലസ്ഥാനം

തിരുവനന്തപുരം : അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരമര്‍പ്പിച്ച് കേരളം. ജനലക്ഷങ്ങള്‍ ഒഴുകിയെത്തിയ തലസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ടു. പൊട്ടിക്കരഞ്ഞും മുദ്രാവാക്യം വിളിച്ചും ആയിര കണക്കിനാളുകളാണ് വിലാപയാത്രയെ അനുഗമിക്കുന്നത്.

പ്രത്യേകം സജ്ജീകരിച്ച കെഎസ്ആർടിസിയുടെ എസി ലോ ഫ്ലോർ ബസിലാണ് ഭൗതിക ശരീരം കോട്ടയത്തേക്ക് എത്തിക്കുന്നത്. കേശവദാസപുരം, വെഞ്ഞാറമ്മൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാണ് വിലാപ യാത്ര കോട്ടയത്തെത്തുക. തുടര്‍ന്ന് ജില്ല കോണ്‍ഗ്രസ് ആസ്ഥാനത്തും തിരുനക്കര മൈതാനത്തും നടക്കുന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങള്‍ പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തും.

വൈകീട്ടോടെ ജന്മനാടായ പുതുപ്പള്ളിയിലെ കുടുംബ വീടായ കരോട്ട് വള്ളക്കാലില്‍ വീട്ടിലും പുതുതായി പണിയുന്ന വീട്ടിലും പൊതുദര്‍ശനത്തിന് വയ്‌ക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഷാഫി പറമ്പിൽ, അൻവർ സാദത്ത് തുടങ്ങിയ നേതാക്കള്‍ വിലാപ യാത്രയെ അനുഗമിക്കുന്നുണ്ട്.

വിലാപ യാത്രയെ തുടർന്ന് എംസി റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുതുപ്പള്ളി ഹൗസിൽ നിന്ന് പുതുപ്പള്ളിയിലേക്കുള്ള ഉമ്മൻചാണ്ടിയുടെ അവസാന യാത്രയിൽ കുടുംബാംഗങ്ങളും നേതാക്കളും ഉൾപ്പടെ ആയിരങ്ങളാണ് അനുഗമിക്കുന്നത്.

ഇന്നലെ പുലർച്ചെ 4.25ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഉമ്മൻചാണ്ടിയുടെ അന്ത്യം. ഉച്ചയ്ക്ക് 2.47 ന് ഭൗതിക ശരീരം തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിൽ എത്തിച്ചു. തുടർന്ന് വിലാപ യാത്രയായാണ് ഭൗതിക ശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ എത്തിച്ചത്.

സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിലും സെന്‍റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിലും കെപിസിസി ആസ്ഥാനത്തും പൊതുദർശനം നടന്നു. ഇന്ന് രാവിലെ 7.12നാണ് ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളി ഹൗസിൽ നിന്ന് ആരംഭിച്ചത്. നിലവിൽ വിലാപ യാത്ര പട്ടം ജംഗ്ഷനിലാണ് എത്തിയിരിക്കുന്നത്.

റോഡിന് ഇരുവശത്തുമായി നിരവധിയാളുകളാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാൻ തടിച്ച് കൂടിയിരിക്കുന്നത്. പൂക്കൾ എറിഞ്ഞും മുദ്രാവാക്യം മുഴക്കിയും ജനങ്ങൾ ജനനായകന് വിടചൊല്ലി. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദർശനമുണ്ടാകും. തുടര്‍ന്ന് നാളെ (ജൂണ്‍ 19) പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിലാണ് ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങ് നടക്കുക.

പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരുനോക്കുകാണാൻ ഇന്നലെ സിനിമ മേഖലയിൽ നിന്ന് നിരവധി പേർ എത്തിയിരുന്നു. നടന്മാരായ കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി, പ്രേംകുമാർ, സംവിധായകൻ രഞ്ജിത്ത് ഉൾപ്പടെയുള്ളവർ അന്തിമോപചാരമര്‍പ്പിച്ചു.

സ്‌കൂളുകള്‍ക്ക് അവധി :കോട്ടയത്തെ സ്‌കൂളുകൾക്ക് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആൾക്കൂട്ടത്തെ ഊർജ്ജമാക്കി ആറ് പതിറ്റാണ്ട് കേരള രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിന്ന നേതാവിന് ജനക്കൂട്ടം വൈകാരികമായ യാത്രയയപ്പാണ് നൽകിയത്. 1970 മുതൽ തുടർച്ചയായി 53 വർഷം (12 തവണ) പുതുപ്പള്ളി എംഎൽഎയായ ഉമ്മൻചാണ്ടിയുടെ പേരിലാണ് കൂടുതൽ കാലം നിയമസഭ സാമാജികനായെന്ന റെക്കോർഡ് ഉള്ളത്.

Last Updated : Jul 19, 2023, 10:56 AM IST

ABOUT THE AUTHOR

...view details