തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയെ വിദഗ്‌ധ ചികിത്സയ്ക്കായി ഇന്ന് വൈകുന്നരം ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും വൈകുന്നേരം നാലുമണിക്ക് ബെംഗളൂരുവിലേയ്‌ക്ക് പുറപ്പെടും. ഇതിനായി ഉച്ചയോടെ അദ്ദേഹത്തെ എയര്‍ പോര്‍ട്ടിലേക്ക് മാറ്റും.
നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയുടെ ന്യുമോണിയ ഭേദമായിട്ടുണ്ട്. തുടര്‍ന്നാണ് തുടര്‍ ചികിത്സയ്ക്കായി ബെംഗളൂരു എച്ച്‌സിജി ക്യാന്‍സര്‍ സെന്‍ററിലേക്ക് മാറ്റുന്നത്. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്‌ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ ഭേദമായാല്‍ അദ്ദേഹത്തെ വിദഗ്‌ധ ചികിത്സക്കായി മാറ്റുന്ന കാര്യം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
എഐസിസിയുടെ മേല്‍നോട്ടത്തിലാണ് ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരുവിലെത്തിക്കുന്നത്. ഞായറാഴ്‌ച ചാര്‍ട്ടേഡ് വിമാനത്തില്‍ അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകുമെന്നും വിമാനം എഐസിസി ഏര്‍പ്പാടാക്കിയെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖാര്‍ഗെയുടെ നിര്‍ദേശാനുസരണം കെ സി വേണുഗോപാല്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിക്കുകയും ചെയ്‌തിരുന്നു.