തിരുവനന്തപുരം :ജന്മനാടും മണ്ഡലവുമായ പുതുപ്പള്ളിയിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം പൂർത്തിയാക്കാതെ ഉമ്മൻ ചാണ്ടി വിടവാങ്ങി. പുതുപ്പള്ളിയിലെ പുതിയ വീടിന്‍റെ പണി പാതിവഴിയിലായിരിക്കുമ്പോഴാണ് രോഗത്തെ തുടർന്ന് ഉമ്മൻ ചാണ്ടി ബെംഗളൂരുവിലേയ്‌ക്ക് ചികിത്സയ്‌ക്കായി പോയത്. തറവാടുവീടായ കരോട്ട് വള്ളക്കാലിലായിരുന്നു ഉമ്മന്‍ചാണ്ടിയും കുടുംബവും ഇത്രയുംകാലം കഴിഞ്ഞിരുന്നത്. പുതുപ്പള്ളി പഞ്ചായത്തിന് സമീപത്ത് 2021 ലാണ് പുതിയ വീടിന്‍റെ പണി തുടങ്ങിയത്.
തന്‍റെ നാടിനോട് അദ്ദേഹത്തിനുള്ള സ്‌നേഹം എത്രത്തോളം ഉണ്ട് എന്നറിയാൻ തിരുവനന്തപുരത്തെ അദ്ദേഹത്തിന്‍റെ വീട്ടുപേര് തന്നെ ധാരാളമാണ്. മണ്ഡലത്തിന്‍റെ പേരായ 'പുതുപ്പള്ളി' എന്നാണ് അദ്ദേഹം വീടിന് പേരിട്ടത്. പുതുപ്പള്ളിയിൽ സ്വന്തമായി ഒരു വീട് വേണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹം.
ഇതിനായി കഴിഞ്ഞ 2021 ൽ കുടുംബവിഹിതത്തിൽ നിന്ന് ലഭിച്ച സ്ഥലത്ത് അദ്ദേഹം വീട് പണി ആരംഭിച്ചു. എന്നാൽ പിന്നീട് വില്ലനായി എത്തിയ അനാരോഗ്യം കാരണം വീടിന്‍റെ പണി മന്ദഗതിയിലായി. വീട് പണിയുമായി ബന്ധപ്പെട്ട് തറകെട്ടി, ബീം വാർത്തതിനുപിന്നാലെ അദ്ദേഹത്തിന്‍റെ രോഗം മൂർച്ഛിച്ചു. ഇതോടെ ചികിത്സയ്‌ക്കായി അദ്ദേഹം ബാംഗ്ലൂരിലേക്ക് പോയതോടെ താത്‌കാലികമായി വീട് പണി നിർത്തി. തന്‍റെ സ്വപ്‌നമായ പുതുപ്പള്ളിയിലെ പുതിയ വീടിന്‍റെ പണിപൂർത്തിയാക്കും മുൻപാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിട പറഞ്ഞത്. തങ്ങളുടെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാറിന്‍റെ ഏറ്റവും വലിയ ആഗ്രഹം പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വന്നത് പുതുപ്പള്ളി നിവാസികൾക്ക് വിങ്ങലായി.