തിരുവനന്തപുരം:ഇടതുസര്‍ക്കാരിന്‍റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും മൂലം ആലപ്പുഴ ബൈപാസ് മൂന്നര വര്‍ഷം വൈകിയാണ് സാക്ഷാത്കരിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന് ഇടതുസര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണം. 2017 ആഗസ്റ്റ് 14ന് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണിത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 30 ശതമാനം പണി നടത്തിയിട്ടാണ് 2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടത്. സ്വന്തമായി ഒരു പദ്ധതിയുമില്ലാത്ത ഇടതുസര്‍ക്കാരിന് യുഡിഎഫിന്‍റെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പോലും സാധിച്ചില്ലെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു .
കേന്ദ്രചെലവില്‍ ദേശീയപാതയുടെ ഭാഗമായി ആലപ്പുഴ ബൈപാസ് നിര്‍മിക്കാനുള്ള ശ്രമം അനന്തമായി നീണ്ടപ്പോഴാണ് ബൈപാസിന്‍റെ ചെലവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി വഹിക്കാമെന്ന സുപ്രധാന തീരുമാനം 2013 ആഗസ്റ്റ് 31ന് എടുത്തത്. തുടര്‍ന്ന് നാല് ദശാബ്ദത്തിലധികം നിര്‍ജീവമായി കിടന്ന കൊല്ലം, ആലുപ്പുഴ ബൈപാസുകള്‍ക്ക് ജീവന്‍ കിട്ടി. ഇന്ത്യയില്‍ ആദ്യമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി തുക വിനിയോഗിച്ച് ഒരു പദ്ധതി നടപ്പാക്കിയത്. ഇത് രാജ്യത്ത് പുതിയൊരു വികസന മാതൃക സൃഷ്ടിച്ചു.