തിരുവനന്തപുരം:വ്യാപാരികളോട് ചർച്ച നടത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം വൈകിവന്ന വിവേകമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വ്യാപാരികളുടേത് ന്യായമായ ആവശ്യമായിരുന്നു. അതിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ശരിയായില്ല. എങ്കിലും അദ്ദേഹം വ്യാപാരികളുമായി ചർച്ചയ്‌ക്ക് തയാറായത് സ്വാഗതാർഹമെന്നും ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രയോഗികമായ മാറ്റം വരുത്തണമെന്നും ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. എല്ലാം അടച്ചിടുന്നതിലൂടെ ലോകത്ത് എല്ലായിടത്തും മാറ്റമുണ്ടാകുന്നുണ്ടെങ്കിലും സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുറയുന്നില്ല. അതിനാൽ എല്ലാം അടച്ചിടുന്നതുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാൻ കഴിയില്ല. അത് വലിയൊരു വിഭാഗം ജനതയ്‌ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയേയുള്ളൂ. ഇക്കാര്യത്തിൽ ശാസ്ത്രീയമായ പഠനം നടത്തി അവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.