തിരുവനന്തപുരം: ഡൽഹി കേരള ഹൗസിൽ യുഡിഎഫ് ഭരണകാലത്ത് പിൻവാതിൽ നിയമനം നടന്നുവെന്ന ആരോപണത്തിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദൻ്റെ കത്ത് പരിഗണിച്ചാണ് കേരള ഹൗസിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിച്ചതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു . ഇത് സംബന്ധിച്ച വിഎസിൻ്റെ കത്തും ഉമ്മൻ ചാണ്ടി പുറത്തുവിട്ടു.
കേരളഹൗസിലെ നിയമനം; വിഎസിന്‍റെ കത്ത് പരിഗണിച്ചെന്ന് ഉമ്മന്‍ചാണ്ടി - തിരുവനന്തപുരം
അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദൻ്റെ കത്ത് പരിഗണിച്ചാണ് കേരള ഹൗസിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിച്ചതെന്ന് ഉമ്മൻ ചാണ്ടി.
![കേരളഹൗസിലെ നിയമനം; വിഎസിന്‍റെ കത്ത് പരിഗണിച്ചെന്ന് ഉമ്മന്‍ചാണ്ടി വിഎസിൻ്റെ കത്ത് പുറത്തുവിട്ട് ഉമ്മൻ ചാണ്ടി യുഡിഎഫ് പിൻവാതിൽ നിയമനം തിരുവനന്തപുരം oommen chansy kerala house appointment](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10560479-535-10560479-1612877204666.jpg)
കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടതല്ല. റൂം ബോയ്, തൂപ്പുകാർ, ഡ്രൈവർ, കുക്ക് ഗാർഡനർ എന്നീ താഴ്ന്ന വിഭാഗം തസ്‌തികകളിൽ ഡൽഹിയിലുള്ളവരെയാണ് നിയമിച്ചത്. ലോക്കൽ റിക്രൂട്ട്മെൻ്റ് പ്രകാരമുള്ള ഈ നിയമനത്തിൽ ഹിന്ദിക്കാർ അടക്കമുള്ളവരും ഉണ്ട്. ഡൽഹിയിലെ എകെജി സെൻ്ററിൽ ജോലി ചെയ്യുന്നയാളുടെ ഭാര്യ അടക്കം എല്ലാ പാർട്ടികളിലെ ആളുകളുമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കേരള ഹൗസിലെ ഉയർന്ന തസ്‌തികകളിലുള്ള നിയമനം പിഎസ്‌സി വഴിയാണ്. ഈ തസ്‌തികകളിൽ പിഎസ്‌സിക്ക് പുറത്ത് മറ്റൊരു നിയമനവും ഇതുവരെ നടന്നിട്ടില്ല. ലാസ്റ്റ് ഗ്രേഡ് തസ്‌തികകളിൽ കേരളത്തിൽ നിന്ന് നിയമനം നടത്തിയാൽ അവർ ഒരിക്കലും ഡൽഹിയിൽ ജോലിയിൽ തുടരില്ല. അതു കൊണ്ടാണ് കേരള ഹൗസിൽ ലോക്കൽ റിക്രൂട്ട്മെൻ്റിലൂടെ നിയമനം നടത്തുന്നത്. കേരള ഹൗസിലെ നിയമനങ്ങളുടെ മറവിൽ കേരളത്തിൽ നടത്തുന്ന നിയമവിരുദ്ധ നിയമനങ്ങളെ വെള്ള പൂശാനുള്ള സർക്കാരിൻ്റെ ശ്രമം വിലപ്പോകില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.