തിരുവനന്തപുരം: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിലെത്തുമെന്ന ആരോഗ്യമന്ത്രിയുടെയും സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടറുടെയും വെളിപ്പെടുത്തലോടെ കൊവിഡ് വ്യാപനത്തിനു കാരണം പ്രതിപക്ഷ സമരങ്ങളാണെന്ന സംസ്ഥാന സര്‍ക്കരിന്‍റെയും സി.പി.എമ്മിന്‍റെയും വാദം പൊളിഞ്ഞെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കൊവിഡ് 19; സര്‍ക്കാരിന്‍റെയും സി.പി.എമ്മിന്‍റെയും വാദം പൊളിഞ്ഞെന്ന് ഉമ്മൻചാണ്ടി
യുഡിഎഫ് പ്രവര്‍ത്തകരെ മരണത്തിന്‍റെ വ്യാപാരികള്‍ എന്നു വിളിച്ചവര്‍ മാപ്പു പറയണമെന്നും ഉമ്മൻചാണ്ടി
യുഡിഎഫ് പ്രവര്‍ത്തകരെ മരണത്തിന്‍റെ വ്യാപാരികള്‍ എന്നു വിളിച്ചവര്‍ മാപ്പു പറയണം. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനേറ്റ പരാജയം മറച്ചു വയ്ക്കാനാണ് ഈ പ്രചാരണം. ആരോഗ്യമന്ത്രിയുടെ നിഗമനത്തെ മുഖ്യമന്ത്രി പിന്തുണച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ നിഗമനം ശാസ്ത്രീയ അടിസ്ഥാനത്തിലാണെന്നു കരുതുന്നു. കേരളത്തില്‍ സമരങ്ങളൊന്നും ഇല്ലാതിരുന്ന ഓഗസ്റ്റിലാണ് ആരോഗ്യമന്ത്രിയുടെ നിഗനമനം പുറത്തു വന്നത്. പ്രതിപക്ഷ സമരമാണ് കൊവിഡ് പകരാന്‍ കാരണമെന്നതിന് സര്‍ക്കാരിന്‍റെ കയ്യില്‍ എന്തെങ്കിലും ഡേറ്റയുണ്ടോയെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. കൊവിഡ് കേരളത്തിലെത്തി ഒമ്പത് മാസം പിന്നിടുമ്പോള്‍ മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കേരളം. ആദ്യം പ്രവാസികള്‍, പിന്നീട് മത്സ്യത്തൊഴിലാളികള്‍, ഏറ്റവും ഒടുവില്‍ പ്രതിപക്ഷം എന്നിവരെ കുറ്റപ്പെടുത്തിയാണ് സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിലെ പരാജയം മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നത്. സമരങ്ങളും പ്രക്ഷോഭങ്ങളും നിര്‍ത്തിയ പ്രതിപക്ഷ നേതാവിനെ ധനമന്ത്രി പുച്ഛിച്ചു. എല്ലാവരെയും വിശ്വാസത്തിലെടുത്തും ചര്‍ച്ചകള്‍ നടത്തിയുമാണ് കൊവിഡ് മഹാമാരിയെ നേരിടേണ്ടതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.