തിരുവനന്തപുരം : ഒടുവില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ കരുത്തരായ രണ്ട് ഗ്രൂപ്പുകളെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അരിഞ്ഞുതള്ളി. കെ.സുധാകരന്‍, വി.ഡി.സതീശന്‍ എന്നീ 'ടു എസുകള്‍' ഇനി കേരളത്തിലെ കോണ്‍ഗ്രസിനെ നിയിക്കും. ശക്തമായ രണ്ട് ഗ്രൂപ്പുകളെ നിശബ്ദമാക്കിയുള്ള തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പ്രേരണയായതാകട്ടെ നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും.
ഗ്രൂപ്പിന് മേലെ പരുന്തും പറക്കില്ലെന്ന, പതിറ്റാണ്ടുകളായി കേരളത്തിലെ കോണ്‍ഗ്രസില്‍ നിലനിന്ന അലിഖിത നിയമമാണ് പാര്‍ട്ടി ദേശീയ നേതൃത്വം അറബിക്കടലിലെറിഞ്ഞത്. ജീവന്‍ മരണ പോരാട്ടമായിരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടാകുന്നതിന് പകരം പരസ്പരം ഒളിപ്പോര്‍ നടത്തി ശത്രുവിന് മുന്നില്‍ കീഴടങ്ങിയ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഹൈക്കമാന്‍ഡ് പാടേ തഴഞ്ഞു.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഇരു ഗ്രൂപ്പുകളും നടത്തിയ സംയുക്ത നീക്കത്തിന് തടയിട്ട് വി.ഡി.സതീശനെ തെരഞ്ഞെടുത്ത അതേ ശൈലി കെ.പി.സി.സി പ്രസിഡന്‍റിന്‍റെ കാര്യത്തിലും ഹൈക്കമാന്‍ഡ് സ്വീകരിച്ചത് ഇരു നേതാക്കള്‍ക്കുമുള്ള മുന്നറിയിപ്പാണ്.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഒരു തവണ കൂടി എത്താന്‍ ഉമ്മന്‍ചാണ്ടിയെ കൂട്ടുപിടിച്ച് രമേശ് ചെന്നിത്തല ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതോടെ എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ കെപിസിസി അദ്ധ്യക്ഷ പദവി സംബന്ധിച്ച് ഇത്തവണ അഭിപ്രായം പ്രകടിപ്പിച്ചില്ലെന്നതും ശ്രദ്ധേയമായി. ആ നീക്കം ഒരിക്കല്‍ കൂടി പയറ്റിയാല്‍ പരാജയപ്പെടുമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തിരിച്ചറിഞ്ഞതിനാലാണ് പുതിയ നീക്കത്തിന് മുതിരാതിരുന്നത്.
ALSO READ:'ഗ്രൂപ്പല്ല പാർട്ടി മുഖ്യം' ; കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുമെന്ന് കെ സുധാകരൻ
പതിറ്റാണ്ടുകളോളം പരസ്പരം ഗ്രൂപ്പുപോരടിച്ചവരാണ് കെ.കരുണാകരനും, എ.കെ.ആന്‍റണിയും. കെ.കരുണാകരന്‍റെ മരണത്തോടെ ഗ്രൂപ്പുകള്‍ കെട്ടടങ്ങുമെന്നാണ് കരുതിയതെങ്കിലും ആന്‍റണിയ്ക്ക് ശേഷം ഉമ്മന്‍ചാണ്ടിയും കരുണാകരന് ശേഷം രമേശ് ചെന്നിത്തലയും നേതൃത്വങ്ങള്‍ ഏറ്റെടുത്തു.
ഇരു സ്ഥാനത്തും അണിനിരന്ന് പോരടിച്ചെങ്കിലും സ്ഥാനമാനങ്ങള്‍ പങ്കുവയ്ക്കുന്ന കാര്യമെത്തുമ്പോള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചു. തര്‍ക്കങ്ങളില്ലാതെ സ്ഥാനമാനങ്ങള്‍ പങ്കിട്ടു. കെ.പി.സി.സി, ഡി.സി.സി, ബ്ലോക്ക്, മണ്ഡലം തലങ്ങളില്‍ പ്രവര്‍ത്തന മികവിനപ്പുറം ഗ്രൂപ്പ് താത്പര്യം മാത്രം മാനദണ്ഡമായി.