തിരുവനന്തപുരം: ആരൊക്കെ അധികാരത്തിൽ വന്നാലും തീരാത്ത ദുരിതത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ട കുറേ മനുഷ്യർ. അതാണ് അട്ടക്കുളങ്ങര കുര്യാത്തി വടക്കേകോട്ട കോളനിയിലെ കുടുംബങ്ങളുടെ അവസ്ഥ. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം രാഷ്ട്രീയക്കാർ ഇവരെ തേടി എത്തുകയും വാഗ്‌ദാനങ്ങൾ നൽകുകയും ചെയ്യും. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെയാരും ഇങ്ങോട്ടേക്ക് തിരിഞ്ഞു നോക്കാറില്ല.
വാഗ്‌ദാനങ്ങൾ മാത്രം ബാക്കി; പ്രതീക്ഷയോടെ ഒരുകൂട്ടം മനുഷ്യർ - വാഗ്‌ദാനങ്ങൾ മാത്രം ബാക്കി
ലൈഫ് പദ്ധതിയിൽ വീടുകൾക്കായി അപേക്ഷ നൽകിയിട്ടും കുര്യാത്തി വടക്കേകോട്ട കോളനിയിലെ കുടുംബങ്ങൾക്ക് ഇതുവരെ പ്രയോജനമൊന്നുമുണ്ടായിട്ടില്ല.
ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒറ്റമുറി വീടുകളിലായി 13 കുടുംബങ്ങളാണ് ഈ കോളനിയിൽ കഴിയുന്നത്. ഇത്രയും കുടുംബങ്ങൾക്കായി രണ്ടു ശൗചാലയങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. സ്ത്രീകൾക്ക് ഒന്നും പുരുഷൻമാർക്ക് ഒന്നും. ഓടയ്ക്ക് മുകളിലായാണ് ഓരോ വീടുകളും സ്ഥിതി ചെയ്യുന്നത്. ഓടകൾ മൂടിയിട്ടുണ്ടെങ്കിലും മഴ എത്തിയാൽ മലിനജലം വീടുകളിലേക്ക് കയറുന്ന അവസ്ഥയാണ്. സർക്കാരിന്‍റെ ലൈഫ് പദ്ധതിയിൽ വീടുകൾക്കായി അപേക്ഷ നൽകിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. ഓഫീസുകൾ കയറി ഇറങ്ങിയത് മാത്രം മിച്ചമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇനി അധികാരത്തിൽ വരുന്നവരെങ്കിലും തങ്ങളുടെ ദുരിതത്തിന് അറുതി വരുത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ.