തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കൊവിഡ് വാക്‌സിൻ എടുക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ വേണം. ഒന്നാമത്തെയും രണ്ടാമത്തെയും ഡോസുകൾ എടുക്കാൻ കൊവിൻ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാവില്ല.
ഓൺലൈനായി രജിസ്റ്റർ ചെയ്‌തവർക്ക് മാത്രമെ വാക്‌സിൻ വിതരണ കേന്ദ്രത്തിൽ ടോക്കൺ നൽകുകയുള്ളു. വാക്‌സിനേഷനുള്ള മുൻഗണന പട്ടികയിലുള്ളവർക്ക് സർക്കാർ വകുപ്പുകൾ, അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ മുഖേന രജിസ്ട്രേഷൻ നടത്താൻ ജില്ലാ തലത്തിൽ നടപടി എടുക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.
വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കണമെന്നും മാസ്‌ക്,സാമൂഹിക അകലം എന്നിവ നിർബന്ധമായി ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. 45 വയസിന് മുകളിലുള്ള പൗരൻമാർക്ക് ഒന്നാമത്തേയും രണ്ടാമത്തേയും കൊവിഡ് വാക്‌സിൻ സമയബന്ധിതമായി നൽകണമെന്നും നിർദേശം ഉണ്ട്.
സംസ്ഥാനത്ത് കൊവിഡ് വാക്സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ. അതേ സമയം അഞ്ചര ലക്ഷം ഡോഡ് കൊവിഡ് വാക്‌സിൻ കൂടി ഇന്ന് കേരളത്തിൽ എത്തുമെന്നാണ് സൂചന. വാക്‌സിൻ ക്ഷാമത്തെ തുടർന്ന് സംസ്ഥാനത്തെ ഭൂരിപക്ഷം വാക്‌സിനേഷൻ കേന്ദ്രങ്ങളും പ്രവർത്തനം നിലച്ച അവസ്ഥയിലാണ്.