തിരുവനന്തപുരം: ഓൺലൈനായി ലാപ്ടോപ് ബുക്ക് ചെയ്‌ത തിരുവനന്തപുരം സ്വദേശിയായ യുവാവിന് 3.22 ലക്ഷം രൂപ നഷ്ടമായി. പ്രമുഖ ഇ കൊമേഴ്‌സ് സൈറ്റായ ആലിബാബ.കോമിൽ (Alibaba.com) ഇൻഫിനിറ്റി ഇലട്രോണിക് വേൾഡ് എന്ന കമ്പനിയുടെ അസ്യൂസ് സെൻ ബുക്ക് പ്രോ ഡ്യുയോ 19 (asus zen book pro duo 19 9th generation) ലാപ്‌ടോപ് ഫാക്ടറി വിലയ്ക്ക് ലഭിക്കുമെന്ന പരസ്യം കണ്ടാണ് കഴിഞ്ഞ 26ന് ഐടി പ്രോഫഷണലായ യുവാവ് ലാപ്ടോപ് ബുക്ക് ചെയ്‌തത്. വിപണിയിൽ മൂന്ന് ലക്ഷത്തിലധികം വിലവരുന്നതാണ് ഈ ലാപ്ടോപ്.
തലസ്ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്; യുവാവിന് ലക്ഷങ്ങൾ നഷ്‌ടമായി - online fraud at thiruvananthapuram
ലാപ്‌ടോപ്പ് ബുക്ക് ചെയ്‌ത യുവാവിന് 3.22 ലക്ഷം രൂപയാണ് നഷ്ടമായത്.
അമേരിക്കയിൽ നിന്നും കൊറിയായി അയച്ചു നൽകാമെന്നായിരുന്നു കമ്പനിയുടെ വാഗ്‌ദാനം. തുടർന്ന് വാട്‌സ് ആപ്പിൽ പണം അയക്കേണ്ട അക്കൗണ്ട് നമ്പറുകളും കമ്പനി നൽകി. ലാപ്ടോപ് ലഭിക്കണമെങ്കിൽ മുൻകൂട്ടി പണം നൽകണമെന്നും കമ്പനി അറിയിച്ചു. കൊറിയർ ചാർജ്, നികുതി എന്നിവ ഉൾപ്പടെ 3. 22 ലക്ഷം രൂപ നൽകണമെന്നായിരുന്നു ആവശ്യം. വിപണിയിൽ അതിനു മുകളിൽ വില വരുമെന്നതിനാൽ യുവാവ് അത് വിശ്വസിച്ചു. തുടർന്ന് കമ്പനി അക്കൗണ്ടുകളിലേക്ക് പണം അയച്ചു. എന്നാൽ പണം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും ലാപ്ടോപ് ലഭിച്ചില്ല. പിന്നാലെ കൂടുതൽ പണം നൽകിയാലേ ലാപ്ടോപ് നൽകൂവെന്ന് പറഞ്ഞ് തട്ടിപ്പുകാർ വീണ്ടും വാട്‌സ് ആപ്പ് സന്ദേശം അയച്ചു. ഇതിൽ സംശയം തോന്നിയ യുവാവ് സൈബർ ക്രൈം പൊലീസിൽ പരാതി നൽകുകയായിരുന്നു.
സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിൽ നിരവധി ഐ ടി ജീവനക്കാർ തട്ടിപ്പിനിരയായതായി കണ്ടെത്തി. തിരുവനന്തപുരം ജില്ലയിൽ മാത്രം എട്ടോളം പേർ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് സമാന രീതിയിൽ നഷ്ടമായത്. സിയാമെൻ വിസെൽ ടെക്നോളജി, ടെയ്ലർ ഹോസ്റ്റ് ,സെഞ്ചുറി ടെക്നോളജി, സിറ്റി ഇലട്രോണിക്‌സ് പാകിസ്ഥാൻ തുടങ്ങി വിവിധ കമ്പനികളുടെ ഉൽപന്നങ്ങൾക്കായി അലിബാബ വഴി ബുക്ക് ചെയ്‌ത് നിരവധി പേരാണ് തട്ടിപ്പിനിരയായത്. വർക്ക് ഫ്രം ഹോമിൽ ആയിരുന്നവരാണ് കബളിക്കപ്പെട്ടത്. ഇവരിൽ പലരും പരാതി നൽകാൻ തയ്യറായിട്ടില്ല. അതേ സമയം ഇ - കൊമേഴ്‌സ് സൈറ്റുകൾ, ജോബ്, വിൽപന വെബ് സൈറ്റുകൾ വഴിയുള്ള തട്ടിപ്പ് വർധിച്ചു വരികയാണെന്ന് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം എ.സി.പി ടി.ശ്യാംലാൽ പറഞ്ഞു. ഓൺലൈനിലൂടെ പണം കൈമാറ്റം ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു