തിരുവനന്തപുരം: സംസ്ഥാന പൊലീസിനെയും സി.പി.എമ്മിനെയും ഒരു പോലെ പ്രതിക്കൂട്ടിലാക്കിയ എകെജി സെന്‍റര്‍ സ്‌ഫോടനം നടന്നിട്ട് കൃത്യം ഒരുമാസമായിട്ടും പ്രതികളെ കുറിച്ച് ഒരു തുമ്പുമില്ല. ആദ്യം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം അന്വേഷിച്ച കേസില്‍ ഒരു സൂചനയും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷേക്ക് ദര്‍വേഷ് സാഹിബിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
ലോക്കല്‍ പൊലീസ് പ്രതികളെ കണ്ടെത്താതെ ഇരുട്ടില്‍ തപ്പുന്നതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ആരോപിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ സംഭവം നടന്ന ജൂണ്‍ 30ന് രാത്രി രംഗത്തു വന്നിരുന്നു. കെട്ടിടം തകര്‍ന്നു വീഴുന്ന അത്ര ശക്തിയിലായിരുന്നു സ്‌ഫോടനമെന്ന് സംഭവം നടക്കുമ്പോള്‍ എ.കെ.ജി സെന്‍ററിലുണ്ടായിരുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി മാധ്യമങ്ങളോടു നടത്തിയ പ്രതികരണം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പരിഹാസത്തിനിടയാക്കുകയും ചെയ്‌തു.
പ്രതിപക്ഷം ഇതു സംബന്ധിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയതോടെ സര്‍ക്കാര്‍ വെട്ടിലായി. ഒടുവില്‍ സര്‍ക്കാരിന് ചര്‍ച്ചയ്ക്ക് തയാറാകേണ്ടി വന്നു. അന്ന് ഭരണപക്ഷത്തു നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത എം.എം മണി ഒഴികെയുള്ള അംഗങ്ങളാരും സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ആരോപിച്ചില്ല.
സ്വര്‍ണക്കടത്തു വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സി.പി.എമ്മും ഇ.പി ജയരാജനും ആസൂത്രണം ചെയ്‌തതാണ് സ്‌ഫോടക വസ്‌തു ഏറ് എന്ന കോണ്‍ഗ്രസ് ആരോപണം ഇല്ലാതാക്കാന്‍ പ്രതികളെ കണ്ടെത്തുകയല്ലാതെ മറ്റു പോംവഴികളൊന്നും സര്‍ക്കാരിനും സി.പി.എമ്മിനും മുന്നിലില്ല. അതിന് പുതിയ ക്രൈംബ്രാഞ്ച് സംഘത്തിനും സാധിക്കുന്നില്ലെങ്കില്‍ സ്വന്തം പാര്‍ട്ടി ഓഫിസിനു നേരെ സ്‌ഫോടക വസ്‌തു എറിഞ്ഞു എന്ന പ്രതിപക്ഷ ആരോപണം സി.പി.എമ്മിനു മേല്‍ കളങ്കമായി തന്നെ അവശേഷിക്കും.
വ്യക്തമായ സി.സി.ടി.വി ദൃശ്യം ലഭ്യമല്ലാത്തതും ശാസത്രീയ പരിശോധനകളില്‍ പ്രതികളെ കുറിച്ച് തുമ്പു കിട്ടാത്തതുമൊക്കെയാണ് പ്രതികളിലേക്കെത്താന്‍ സാധിക്കാത്തതെന്നാണ് സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും വിശദീകരണം. എന്നാല്‍ അന്വേഷണ മികവില്‍ ഇന്ത്യയ്ക്കു തന്നെ മാതൃകയായ കേരള പൊലീസിന്‍റെ കൈകള്‍ കെട്ടപ്പെട്ടിരിക്കുന്നു എന്നാണ് പ്രതിപക്ഷ ആരോപണം. പ്രതികളാകട്ടെ ഒരു മാസമായി കാണാമറയത്തും.