തിരുവനന്തപുരം : കൊവിഡ് നഷ്‌ടപ്പെടുത്തിയ രണ്ടുവര്‍ഷത്തെ ഓണാവേശം തിരിച്ചുപിടിച്ച് മലയാളികള്‍ ഉത്രാടപ്പാച്ചിലില്‍. തിരുവോണമാഘോഷിക്കാനുളള സാധനസാമഗ്രികളും ഓണക്കോടിയുമടക്കം മലയാളികൾ പാങ്ങിനനുസരിച്ച് വാങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഇന്നത്തെ പാച്ചില്‍. സംസ്ഥാനമാകെ ചെറുതും വലുതുമായ നഗരങ്ങള്‍ ഇന്ന് ആള്‍ത്തിരക്കിലാവും.
ഉത്രാടപ്പാച്ചിലില്‍ അനന്തപുരി വസ്ത്രശാലകളിലാവും ഏറ്റവും കൂടുതല്‍ തിരക്കുണ്ടാവുക. വിപണി പൂരത്തിരക്കിലാവുന്നതോടെ വ്യാപാരികള്‍ക്കും ഇന്ന് സന്തോഷത്തിന്‍റെ ദിവസമാണ്. ഓണത്തിരക്ക് നിയന്ത്രിക്കാന്‍ തലസ്ഥാനത്ത് ശക്തമായ പൊലീസ് സാന്നിധ്യമുണ്ടാകും.
രാവിലെ 9 മുതല്‍ രാത്രി 12 വരെയും നഗരവും പരിസരവും പൊലീസ് നിയന്ത്രണത്തിലായിരിക്കും. ഷാഡോ, മഫ്‌തി, സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘങ്ങളും നിരീക്ഷണം നടത്തും. വലിയ തിരക്ക് പ്രതീക്ഷിക്കുന്ന കിഴക്കേക്കോട്ട, ചാല, അട്ടക്കുളങ്ങര എന്നിവിടങ്ങളില്‍ മാത്രം നൂറിലധികം പൊലീസുകാരുടെ നിരീക്ഷണമുണ്ടാവുമെന്ന് ഫോര്‍ട്ട് അസിസ്‌റ്റന്‍റ് കമ്മീഷണര്‍ പറഞ്ഞു.
പദ്‌മനാഭസ്വാമി ക്ഷേത്രത്തിന്‍റെ നാല് നടകളിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഓണം വാരാഘോഷം തുടങ്ങിയതോടെ തലസ്ഥാനത്ത് കനകക്കുന്ന്, ശംഖുമുഖം എന്നിവയുള്‍പ്പടെ പ്രമുഖ കേന്ദ്രങ്ങള്‍ ഇനിയുളള ദിവസങ്ങളില്‍ വലിയ തിരക്കിലേക്ക് മാറും.