തിരുവനന്തപുരം : സംസ്ഥാനത്ത് മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കുളള ഓണക്കിറ്റ് വിതരണം ധ്രുതഗതിയില്‍ (Onam Kit Distribution by civil supplies). ഇന്നലെ വരെ മന്തഗതിയിലായിരുന്ന കിറ്റ് വിതരണമാണ് ഇന്ന് കൊണ്ട് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഭക്ഷ്യവകുപ്പ് നടപടി സ്വീകരിച്ചത്. ഇന്ന് രാവിലെ 8 മണി മുതല്‍ തന്നെ റേഷന്‍കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയാണ്. രാത്രി 8 മണി വരെ റേഷന്‍കടകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് നിര്‍ദേശം.
മുഴുവന്‍ പേര്‍ക്കും ഇന്ന് തന്നെ കിറ്റ് എത്തിക്കാനാണ് തീവ്രശ്രമം നടത്തുന്നത് (Onam Kit Distribution Progress). മുഴുവന്‍ പേര്‍ക്കും കിറ്റ് ലഭിക്കുന്നതു വരെ റേഷന്‍കടകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍റെ തീരുമാനം. എല്ലാ റേഷന്‍ കടകളിലും കിറ്റ് എത്തിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് ഉത്രാടമായതിനാല്‍ എത്രത്തോളം പേര്‍ കിറ്റ് വാങ്ങാന്‍ എത്തുമെന്നത് മാത്രമാണ് ആശങ്ക. ഇന്ന് 11 മണിവരെയുള്ള കണക്കനുസരിച്ച് 3,30,468 പേരാണ് കിറ്റ് വാങ്ങിയിരിക്കുന്നത്. ഇനി 2,57,223 പേര്‍ക്കാണ് കിറ്റ് വിതരണം ചെയ്യാനുള്ളത്. തുടക്കത്തില്‍ കിറ്റിനുള്ളില്‍ ഉള്‍പ്പെടുത്തേണ്ട മില്‍മ ഉത്പന്നങ്ങളുടെ ലഭ്യതയില്‍ കുറവുണ്ടായതിനെ തുടര്‍ന്നാണ് കിറ്റുകള്‍ തയാറാക്കുന്നത് വൈകിയത്.
എന്നാല്‍ ഇന്ന് കൊണ്ട് തന്നെ കിറ്റ് എല്ലാ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും ലഭിക്കുമെന്നാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായി സൗജ്യന്യ കിറ്റ് വിതരണം ചുരുക്കിയത്. കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും സൗജന്യ കിറ്റ് നല്‍കിയിരുന്നു. സംസ്ഥാനത്ത് ആകെ 5,87,681 മഞ്ഞ കാര്‍ഡ് ഉടമകളാണുള്ളത്. കിറ്റ് വിതരണം പകുതിയിലധികമായതിനാല്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഭക്ഷ്യവകുപ്പ്.
തുണി സഞ്ചി ഉള്‍പ്പെടെ പതിനാലിന വിഭവങ്ങളാണ് സര്‍ക്കാരിന്‍റെ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചെറുപയര്‍, പരിപ്പ് , തേയില, സേമിയ പായസം മിക്‌സ്, കശുവണ്ടി പരിപ്പ്, നെയ്യ്, വെളിച്ചെണ്ണ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, സാമ്പാര്‍ പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, തുണിസഞ്ചി എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക. മഞ്ഞ കാര്‍ഡുടമകള്‍ കൂടാതെ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ ഉള്‍പ്പെടെ 20,000 പേര്‍ക്ക് കൂടി ഓണക്കിറ്റ് നല്‍കുന്നുണ്ട്.
ക്ഷേമ സ്ഥാപനങ്ങള്‍, ആദിവാസി ഊര്, സ്‌കൂള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ചെലവിലാണ് കിറ്റ് എത്തിച്ചത്. സിക്കിള്‍ സെല്‍ രോഗം ബാധിച്ചവര്‍ക്ക് ന്യൂട്രിഷന്‍ കിറ്റിന് പുറമെ ആരോഗ്യവകുപ്പ് ആദ്യമായി ഈ ഓണത്തിന് പ്രത്യേക കിറ്റും നല്‍കുന്നുണ്ട്. ശര്‍ക്കര, തേയില, പഞ്ചസാര, പരിപ്പ്, ചെറുപയര്‍ തുടങ്ങി എട്ട് ഇനങ്ങളാണ് കിറ്റില്‍ ഉള്ളത്.
Also Read :Civil Supplies On Onam Kit Distribution ഓണക്കിറ്റ് വിതരണം ഇന്ന് തന്നെ പൂർത്തിയാക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ്