തിരുവനന്തപുരം : കഴിഞ്ഞ ഓണക്കാലത്ത് തലസ്ഥാന നഗരിയിലെ വൈദ്യുത ദീപാലങ്കാരം (Onam celebration Light Show in Thiruvananthapuram) സമൂഹ മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയിരുന്നു. ആ പൊലിമ ഒട്ടും കുറയ്ക്കാതെ പത്തരമാറ്റോടെയാണ് ഇക്കുറിയും അനന്തപുരിയെ ദീപശോഭയിൽ അണിയിച്ചൊരുക്കിയിരിക്കുന്നത് (Onam celebration in Thiruvananthapuram). ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റും (Secretariat) നഗരസഭയും കനകക്കുന്നുമെല്ലാം മാരിവില്ലിൻ ഏഴഴകിൽ തലയെടുപ്പോടെ നിൽക്കുമ്പോൾ സന്ദർശകർക്ക് അത് കൗതുക കാഴ്‌ച തന്നെയാണ്.
കനകക്കുന്ന് കൊട്ടാരവും പരിസരവും വിവിധ വർണങ്ങളാലുള്ള വൈദ്യുത ദീപങ്ങൾ കൊണ്ട് സന്ദർശകർക്ക് വിസ്‌മയമായി മാറി കഴിഞ്ഞു. ഈ വിസ്‌മയ കാഴ്‌ച കാണുന്നതിനായി ശനിയാഴ്‌ച നിരവധി ആളുകളാണ് കനകക്കുന്നിലേക്ക് എത്തിയത്. ദീപ ശോഭയിൽ സെൽഫി എടുക്കുന്നതിനും ചിത്രങ്ങൾക്ക് പോസ് ചെയ്യുന്നതിനും ആളുകളുടെ തിരക്കാണ്.
കനകക്കുന്ന് മാത്രമല്ല, കവടിയാർ മുതൽ മണക്കാട് വരെയും ശാസ്‌തമംഗലം വരെയും എം ജി റോഡ്, എൽഎംഎസ് മുതൽ വെള്ളയമ്പലം വരെയും ഓണത്തെ വരവേൽക്കാൻ വൈദ്യുത ദീപാലങ്കാരങ്ങളിൽ തിളങ്ങി കഴിഞ്ഞു. വൈദ്യുത ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓൺ കർമ്മം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചതോടെ നഗരത്തിലേക്ക് എത്തുന്നവരുടെ തിരക്കും വർധിച്ചു.