തിരുവനന്തപുരം: കെ-റെയില്‍ പഠന റിപ്പോര്‍ട്ട് കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്ന വസ്‌തുത പുറത്ത് വന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഡിപിആര്‍ പുറത്ത് വിടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ-റെയില്‍ പദ്ധതിയുടെ പ്രാഥമിക സാധ്യതാപഠനം നടത്തിയ അലോക് കുമാര്‍ വര്‍മ്മയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. വ്യാജ ഡിപിആറിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തുടനീളം കല്ലിട്ട് ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
കെ-റെയില്‍ പദ്ധതിക്കെതിരെ ഉയര്‍ന്ന് വരുന്ന ശക്തമായ ജനരോഷത്തെ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. ഡിപിആര്‍ രഹസ്യമാക്കി വച്ചിരിക്കുന്നത് തന്നെ പദ്ധതിയിലെ ദുരൂഹത പുറത്ത് വരുമെന്ന് ഭയന്നിട്ടാണെന്നും അദ്ദേഹം പറഞ്ഞു. കെ-റെയില്‍ പദ്ധതി ഡിപിആര്‍സി നേരത്തെ തയ്യാറാക്കിയ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രോജക്‌ട് കോപ്പിയാടിച്ചാണെന്ന് ആരോപണവുമുണ്ട്.
80 ശതമാനം മണ്ണിട്ട് നികത്തിയ പാതയിലൂടെ കെ-റെയില്‍ ഓടുമെന്നാണ് അവകാശവാദം. എന്നാല്‍ പ്രളയ, ഭൂകമ്പ സാധ്യതകളും ഭൂഘടന-നീരൊഴുക്ക് തുടങ്ങിയ ഘടകങ്ങളും ഡിപിആറില്ല. സമൂഹികാഘാത പഠനമോ പാരിസ്ഥിതികാഘത പഠനമോ നടത്താതെയാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
Also Read: കെ-റെയില്‍ പദ്ധതി; കല്ലിടാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം
മൂന്ന് പ്രളയത്തെ അതജീവിച്ച കേരളത്തിന് വ്യാജ ഡിപിആറിന്‍റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ താങ്ങാവുന്നതല്ല. 1,24,00 കോടി രൂപ മുടക്കി നടപ്പാക്കുന്ന കെ-റെയില്‍ പദ്ധതി 11,000 കോടി രൂപ ചെലവ് വരുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെക്കാള്‍ ചെലവേറെയാണ്. കേരളത്തിന് താങ്ങാനാകാത്തതും രാജ്യത്തെ ഏറ്റവും ചെലവേറിയതുമായ ഈ പദ്ധതി ഉരുക്കു മുഷ്‌ടി ഉപയോഗിച്ച് നടപ്പാക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു.