തിരുവനന്തപുരം :ടോക്കിയോ ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ പി.ആര്‍ ശ്രീജേഷിന് സ്വീകരണം നല്‍കി വിദ്യാഭ്യാസ വകുപ്പ്. രാവിലെ തിരുവനന്തപുരത്ത് എത്തിയ ശ്രീജേഷ് ആദ്യം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി. ഒളിമ്പിക്‌സ് മെഡല്‍ കാണിച്ച ശേഷം ഇന്ത്യന്‍ ടീമിന്‍റെ ജേഴ്‌സിയും മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കൊപ്പമായിരുന്നു ശ്രീജേഷ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് എത്തിയത്. തുടര്‍ന്ന് സെക്രട്ടേറിയറ്റിനുമുന്നില്‍ നിന്ന് ഘോഷയാത്രയായി വിദ്യാഭ്യാസ ഡയറക്‌ടറേറ്റിലേക്ക് ശ്രീജേഷിനെ വരവേറ്റ് എത്തിച്ചു. ഓഫിസിനുമുന്നില്‍ വിദ്യാഭ്യാസ മന്ത്രിക്കൊപ്പം വൃക്ഷത്തൈ നട്ടു.
വിദ്യാഭ്യാസ വകുപ്പിന്‍റെ ആദരം ഏറ്റുവാങ്ങി പി.ആര്‍ ശ്രീജേഷ് ; ജോയിന്‍റ് ഡയറക്‌ടറായി ചുമതലയേറ്റു ALSO READ:സ്‌കൂള്‍ തുറക്കല്‍; മാര്‍ഗരേഖ അടുത്ത മാസം ആദ്യവാരത്തോടെ
തുടര്‍ന്ന് നടന്ന ചടങ്ങില്‍ ശ്രീജേഷിനെ ജോയിന്‍റ് ഡയറക്‌ടറായി നിയമിച്ചതിന്‍റെ ഉത്തരവ് വിദ്യാഭ്യാസമന്ത്രി കൈമാറി. പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റില്‍ ഡെപ്യൂട്ടി സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായിരുന്ന ശ്രീജേഷിനെ മെഡല്‍ നേട്ടത്തിന് പിന്നാലെ ജോയിന്‍റ് ഡയറക്‌ടര്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ & സ്‌പോര്‍ട്‌സായി ഉയര്‍ത്തിയിരുന്നു. ചടങ്ങിനുശേഷം ഓഫിസിലെത്തി ജോയിന്‍റ് ഡയറക്‌ടറായി ശ്രീജേഷ് ചുമതലയേറ്റെടുത്തു.
പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിക്കുന്നത് മികച്ച പിന്തുണയാണെന്നും കായിക മത്സരങ്ങളിലെ വെല്ലുവിളി ഏറ്റെടുക്കാന്‍ കരുത്താകുന്നത് ഈ പിന്തുണയാണെന്നും ശ്രീജേഷ് പറഞ്ഞു. പുതിയ പദവി ഉത്തരവാദിത്തം വര്‍ധിപ്പിക്കുകയാണ്.
കൂടുതല്‍ കുട്ടികള്‍ ഹോക്കിയിലേക്ക് കടന്നുവരാന്‍ മികച്ച പരിശീലന സംവിധാനങ്ങള്‍ ഒരുക്കണം. ടര്‍ഫ് ഗ്രൗണ്ടുകള്‍ ഹോക്കി കളിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമാണെന്നും ഇക്കാര്യം മന്ത്രി പ്രത്യേകം പരിശോധിക്കണമെന്നും ശ്രീജേഷ് ആവശ്യപ്പെട്ടു.