തിരുവനന്തപുരം:തലസ്ഥാന നഗരം വീണ്ടുമൊരു ക്രിക്കറ്റ് പൂരത്തിന്റെ ആവേശ ലഹരിയിൽ. ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup) സന്നാഹ മത്സരങ്ങൾക്കാണ് (Warm Up Matches) ഗ്രീൻഫീൽഡ് സ്റ്റേഡിയം (Green Field Stadium) ഇക്കുറി വേദിയാകുന്നത്. സന്നാഹ മത്സരങ്ങൾക്ക് ഇനി രണ്ടുമാസം ഉണ്ടെങ്കിലും മൈതാനത്ത് ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 3 വരെയാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സന്നാഹ മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യക്ക് (India) പുറമെ ഓസ്ട്രേലിയ (Australia), ന്യൂസിലന്‍ഡ് (Newzealand), ദക്ഷിണാഫ്രിക്ക (South Africa), അഫ്ഗാനിസ്ഥാന് (Afghanistan) ടീമുകളാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുക. മത്സരങ്ങൾക്കായി ഔട്ട് ഫീൽഡിന്റെയും പിച്ചിന്റെയും മിനുക്കുപണികൾ ക്യൂറേറ്റർ ബിജുവിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
നാല് പിച്ചുകളാണ് മത്സരങ്ങൾക്കായി സജ്ജമാക്കുന്നത്. രണ്ട് ട്രിവാൻഡ്രം ക്ലേയിലെ വിക്കറ്റുകളും രണ്ട് മാണ്ഡ്യ ക്ലേയിലെ വിക്കറ്റുകളും. മൈതാനത്തെ നശിച്ച പുല്ലും കളകളും നീക്കം ചെയ്ത് പുതിയ പുല്ല് വളർത്തിയെടുക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. പത്തോളം ജീവനക്കാരുടെ മേൽനോട്ടത്തിലാണ് ഗ്രൗണ്ടിലെ അറ്റകുറ്റപ്പണികൾ നടക്കുന്നത്. മത്സരത്തിന് മുൻപ് ഗ്രൗണ്ട് സ്റ്റാഫുകളുടെ എണ്ണം വർധിപ്പിച്ച് ഗ്രൗണ്ട് മത്സരത്തിന് പൂർണസജ്ജമാക്കും. പിച്ചിന്റെ മിനിക്കുപണികളും ഇതോടൊപ്പം നടക്കുകയാണ്.
ഗ്രൗണ്ടിന് പുറത്ത് താരങ്ങൾക്ക് പരിശീലനം ചെയ്യാൻ ആറ് ടർഫ് വിക്കറ്റുകളാണ് സജ്ജമാക്കുന്നത്. ഒരേ സമയം രണ്ട് ടീമുകൾക്ക് പരിശീലനം ചെയ്യാനാകും വിധമാകും സജ്ജീകരണം. ഐസിസി (ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) ഉദ്യോഗസ്ഥര്‍ അടുത്തിടെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു.