രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഗണേഷ് കുമാറും സത്യപ്രതിജ്ഞ ചെയ്‌തു തിരുവനന്തപുരം :മുന്‍ ധാരണ പ്രകാരം പിണറായി മന്ത്രിസഭയില്‍ നിന്ന് രാജിവച്ച ആന്‍റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും പകരം കെബി ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. രാജ്ഭവന്‍ വളപ്പില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാമചന്ദ്രന്‍ കടന്നപ്പള്ളി സഗൗരവം പ്രതിജ്ഞയെടുത്തപ്പോള്‍ ഗണേഷ്‌കുമാര്‍ ദൈവ നാമത്തിലും പ്രതിജ്ഞ ചെയ്‌തു (Ganesh Kumar Sworn).
റോഡ് ഗതാഗതം, ജലഗതാഗതം, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുകള്‍ എന്നിവയാണ് കെബി ഗണേഷ് കുമാറിന് നല്‍കിയിട്ടുള്ളത്. എന്നാല്‍ രജിസ്‌ട്രേഷന്‍, മ്യൂസിയം, ആര്‍ക്കിയോളജി, ആര്‍ക്കൈവ്‌സ് എന്നിവയുടെ ചുമതല രാമചന്ദ്രന്‍ കടന്നപ്പള്ളിക്കാണ്. അതേസമയം മന്ത്രിയായിരുന്ന അഹമ്മദ് ദേവര്‍കോവിലിന് പകരം തുറമുഖ വകുപ്പ് കൂടി മന്ത്രി വിഎന്‍ വാസവന് നല്‍കിയിട്ടുണ്ട്. നിലവില്‍ സഹകരണം, തുറമുഖം എന്നീ വകുപ്പുകളാണ് മന്ത്രി വിഎന്‍ വാസവന് കൈകാര്യം ചെയ്യുക.
നാടകീയ രംഗങ്ങള്‍ അരങ്ങേറി ചടങ്ങ്:ഇന്ന്വൈകിട്ട് 4 ന് രാജ്ഭവന്‍ വളപ്പില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങുകള്‍ അത്യന്തം നാടകീയവും ഇതുവരെ കാണാത്ത തരത്തിലുള്ളതുമായിരുന്നു (Ramachandran Kadanapalli Sworn In As Minister). സത്യ പ്രതിജ്ഞ ചടങ്ങിനായി വൈകിട്ട് 4 മണിയോടെ പന്തലിലെത്തിയ ഗവര്‍ണര്‍ നേരെ വേദിയിലേക്ക് കയറി. പിന്നാലെ സദസിന്‍റെ മുന്‍ നിരയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും വേദിയിലെത്തി.
തുടര്‍ന്ന് ചടങ്ങ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ദേശീയ ഗാനം മുഴങ്ങി. അതിന് ശേഷം ചീഫ് സെക്രട്ടറിയുടെ അസാന്നിദ്ധ്യത്തില്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സത്യപ്രതിജ്ഞ ചടങ്ങിന് ഗവര്‍ണറുടെ അനുമതി തേടി (Oath Of Ministers In Kerala). ഗവര്‍ണര്‍ അനുമതി നല്‍കിയതോടെ ആദ്യം കടന്നപ്പള്ളിയെയും പിന്നാലെ ഗണേഷ്‌കുമാറിനെയും സത്യ പ്രതിജ്ഞയ്ക്കായി അഡിഷണല്‍ ചീഫ് സെക്രട്ടറി ക്ഷണിച്ചു.
ഇരുവരുടെയും സത്യപ്രതിജ്ഞയും മറ്റ് നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കും വരെ ഗവര്‍ണറും മുഖ്യമന്ത്രിയും അടുത്ത ഇരിപ്പിടങ്ങളിലിരുന്നെങ്കിലും ഗവര്‍ണര്‍ ഒരു ഘട്ടത്തില്‍ പോലും മുഖ്യമന്ത്രിക്ക് നേരെ തിരിയുകയോ എന്തെങ്കിലും സംസാരിക്കുകയോ ചെയ്‌തില്ല. മാത്രമല്ല താന്‍ മനപൂര്‍വ്വം അവഗണിക്കുന്നുവെന്ന് വരുത്താനായി അതീവ ഗൗരവത്തിലായിരുന്നു ഗവര്‍ണര്‍. മുഖ്യമന്ത്രി പക്ഷേ ഔപചാരികതയ്ക്ക് വേണ്ടിയെങ്കിലും ഗവര്‍ണറുമായി സംസാരിക്കാമെന്ന മുഖഭാവത്തിലായിരുന്നു. പക്ഷേ ഗവര്‍ണര്‍ പല്ലിനു പല്ല് കണ്ണിന് കണ്ണ് എന്ന നിലപാടിലായിരുന്നു.
സത്യ പ്രതിജ്ഞ അവസാനിക്കുകയും ദേശീയ ഗാനം മുഴങ്ങുകയും ചെയ്‌തതിന് പിന്നാലെ ഗവര്‍ണര്‍ വേദി വിട്ടു. സാധാരണയായി മുഖ്യമന്ത്രിയെ ചായ സത്കാരത്തിന് ഗവര്‍ണര്‍ ക്ഷണിക്കുന്ന പതിവുണ്ടെങ്കിലും ഗവര്‍ണര്‍ പൊടുന്നനെ വേദി വിടുകയായിരുന്നു. പ്രതിഷേധിച്ച് ചായ സത്കാരം ബഹിഷ്‌കരിച്ചു മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനില്‍ നിന്ന് ഔദ്യോഗിക വാഹനങ്ങളില്‍ പുറത്തേക്ക് പോയി.
സ്‌പീക്കര്‍ എഎന്‍ ഷംസീറും ചായ സത്കാരത്തിന് നിന്നില്ല. സത്യപ്രതിജ്ഞ ചെയ്‌ത പുതിയ മന്ത്രിമാരും മന്ത്രി എകെ ശശീന്ദ്രനും മാത്രമാണ് ചായ സത്കാരത്തില്‍ പങ്കെടുത്തത്. വകുപ്പിന്‍റെ കാര്യത്തില്‍ ആശങ്കയില്ലെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി സത്യ പ്രതിജ്ഞയ്ക്ക് ശേഷം അറിയിച്ചു.
മുഖ്യമന്ത്രി ഏല്‍പ്പിക്കുന്ന ഏത് വകുപ്പും ആത്മാര്‍ഥതയോടെ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ചോര്‍ച്ച അടയ്ക്കുകയാണ് പ്രഥമ പരിഗണനയെന്ന് ഗണേഷ് കുമാറും അറിയിച്ചു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സര്‍വകലാശാലകളെ കാവിവത്കരിക്കുന്നു എന്നാരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിക്കുകയും സര്‍വകലാശാലകളില്‍ ബാനര്‍ ഉയര്‍ത്തുകയും ചെയ്‌തതാണ് ഗവര്‍ണറെ ഇപ്പോള്‍ വല്ലാതെ ചൊടിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. അതിനിടെ നിയമസഭ പാസാക്കിയ ബില്ലുകള്‍ എത്രകാലം വരെ ഗവര്‍ണര്‍ക്ക് പിടിച്ചു വയ്ക്കാം എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ വീണ്ടും സമീപിച്ചു.
Also read:കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഇന്ന്