തിരുവനന്തപുരം:കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് അവധി അനുവദിക്കാത്ത ആശുപത്രി അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് സമരം നടത്താൻ ഒരുങ്ങി തിരുവനന്തപുരം മെഡിക്കൽ കോളജിലെ നഴ്‌സുമാര്‍. ചൊവാഴ്ച മുതൽ ഒരു മണിക്കൂർ ഡ്യൂട്ടി ബഹിഷ്കരിച്ച് സമരം നടത്തുമെന്ന് നഴ്‌സുമാരുടെ സംഘടനയായ കേരള ഗവൺമെന്‍റ് നഴ്‌സസ് യൂണിയൻ അറിയിച്ചു. ഏഴ് ദിവസത്തെ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് പിറ്റേ ദിവസം മുതൽ നോൺ കൊവിഡ് ഡ്യൂട്ടിക്ക് കയറണം എന്നാണ് ആശുപത്രി അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. നൈറ്റ് ഡ്യൂട്ടി അടക്കം ചെയ്യുന്നവർക്ക് സാധാരണ അവധി പോലും നൽകാതെയാണ് മറ്റ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ നഴ്‌സുമാര്‍ സമരത്തിലേക്ക് - Nurses go on strike
ചൊവാഴ്ച മുതൽ ഒരു മണിക്കൂർ ഡ്യൂട്ടി ബഹിഷ്കരിച്ച് സമരം നടത്തുമെന്ന് നഴ്‌സുമാരുടെ സംഘടനയായ കേരള ഗവൺമെന്‍റ് നഴ്‌സസ് യൂണിയൻ അറിയിച്ചു

പത്ത് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൂന്ന് ദിവസം ഡ്യൂട്ടി ഓഫ് നൽകണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. ഒന്നരമാസമായി ഇതേ ആവശ്യം ഉന്നയിച്ച് നഴ്‌സുമാർ ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് സാധാരണ അവധി പോലും നിഷേധിച്ചുള്ള അധികൃതരുടെ നടപടി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് കൊവിഡ് വാർഡുകൾ അടച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ സൂചന സമരത്തിന്‍റെ ഭാഗമായാണ് ഒരു മണിക്കൂർ ഡ്യൂട്ടി ബഹിഷ്കരിക്കുന്നത്. അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാലസമരത്തിലേക്ക് കടക്കുമെന്നും കെ.ജി.എൻ.യു അറിയിച്ചു.