കോട്ടയം : സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്ന് (മലപ്പുറം മന്തി) ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കിളിരൂർ സ്വദേശിനി രശ്‌മി (32) ആണ് മരിച്ചത്. കോട്ടയം തെള്ളകത്തെ ഹോട്ടൽ പാർക്കിൽ നിന്ന് രണ്ടുദിവസം മുൻപാണ് രശ്‌മിക്ക് ഭക്ഷ്യ വിഷബാധ ഏറ്റത്.
പരാതിയെ തുടർന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം ഹോട്ടൽ പൂട്ടിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. രശ്‌മിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ചതിനെ തുടര്‍ന്ന് രശ്‌മിക്ക് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടിരുന്നു.
ഗുരുതരാവസ്ഥയിലായ ഇവരെ ആദ്യം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. നില കൂടുതല്‍ വഷളായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിനുപിന്നാലെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌ത് ഭക്ഷ്യസുരക്ഷാവിഭാഗം ഹോട്ടൽ അടച്ചുപൂട്ടി.