തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. സ്പീക്കർ ശ്രീരാമകൃഷ്ണനെതിരായ പരാമർശത്തിൻ്റെ പേരിലാണ് പ്രതിപക്ഷ നേതാവിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. കാട്ടാക്കട എം.എൽ.എ ഐബി സതീഷാണ് നോട്ടീസ് നൽകിയത്. പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതം എന്ന പരാമർശം ഉന്നയിച്ചതിനാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്. ഇതുകൂടാതെ സ്പീക്കർ പാവയാണെന്നും മുഖ്യമന്ത്രി പറയുന്നത് മാത്രം അനുസരിക്കുകയാണ് സ്പീക്കർ ചെയ്യുന്നതെന്നുമുള്ള പ്രതിപക്ഷ നേതാവിൻ്റെ വിമർശനവും നോട്ടീസിൽ പരാമർശിച്ചിട്ടുണ്ട്.
രമേശ് ചെന്നിത്തലക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
സ്പീക്കർ ശ്രീരാമകൃഷ്ണനെതിരായ പരാമർശത്തിൻ്റെ പേരിലാണ് പ്രതിപക്ഷ നേതാവിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്.
ഈ പരാമർശങ്ങൾ സഭയോടുള്ള അവഹേളനവും സ്പീക്കർ പദവിയെ അപമാനിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എം.എൽ.എ നോട്ടീസ് നൽകിയിരിക്കുന്നത്. സഭയോടുള്ള അനാദരവായി പ്രതിപക്ഷനേതാവിന്‍റെ വിമർശനങ്ങളെ കണക്കിലെടുത്ത് അവകാശലംഘനത്തിന് നടപടി സ്വീകരിക്കണമെന്നാണ് ഐബി സതീഷ് ആവശ്യപ്പെട്ടത്. ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സ്പീക്കർ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കർ രാഷ്ട്രീയപ്രേരിതമായി പ്രവർത്തിക്കുന്നുവെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.