തിരുവനന്തപുരം:സ്വര്‍ണ കടത്ത് കേസില്‍ മുൻ ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളാണ് കസ്റ്റംസ് പുറത്തുവിടുന്നത്. സ്വപ്ന സുരേഷുമായി ശിവശങ്കര്‍ ബന്ധപ്പെട്ടതിന്‍റെ കൂടുതല്‍ തെളിവുകളാണിവ. സ്വപ്നയുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ച കസ്റ്റംസ് ശിവശങ്കറിനെതിരെയും കുരുക്ക് മുറുക്കുകയാണ്. കേസിലെ ഒന്നാം പ്രതി സരിത്ത് ശിവശങ്കറിനെ 14 തവണ ഫോണില്‍ വിളിച്ചതിന്‍റെ തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. സ്വപ്‌ന സുരേഷ് ഒമ്പത് തവണ ശിവശങ്കറിനെ വിളിച്ചതായും ഫോണ്‍ വിളി രേഖകളില്‍ നിന്നും വ്യക്തമാണ്. സ്വപ്നയുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ശക്തമായ ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണിത്. തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുമായും സ്വപ്‌ന നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.
അതിനിടെ ശിവശങ്കര്‍ കസ്റ്റംസിന് മുന്‍പാകെ ചോദ്യം ചെയ്യലിനായി ഹാജരായി. തിരുവനന്തപുരത്തെ കസ്‌റ്റംസ് ഓഫീസിലാണ് ശിവശങ്കർ ഹാജരായത്. നേരത്തെ കസ്‌റ്റംസ് ഉദ്യോഗസ്ഥർ മുടവൻമുകളിലെ എം ശിവശങ്കറിന്‍റെ വീട്ടിലെത്തി നോട്ടീസ് നൽകിയിരുന്നു. മൂന്ന് കസ്‌റ്റംസ് ഉദ്യോഗസ്ഥരാണ് ശിവശങ്കറിന്‍റെ വീട്ടില്‍ എത്തിയത്. നിലവിലെ സാഹചര്യത്തില്‍ ശിവശങ്കറിനെതിരെ നടപടി എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഏറെ രാഷ്ട്രീയ മാനങ്ങളുള്ള കേസില്‍ ശിവശങ്കറിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുമുണ്ട്.